ഡബ്ലിനില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു: സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം…

ഡബ്ലിന്‍: ഡബ്ലിനില്‍ പകര്‍ച്ചവ്യാധി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയില്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ ഡബ്ലിനിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍വ്വകലാശാലകള്‍.

ഡബ്ലിനില്‍ നൂറോളംപേര്‍ക്കാണ് ഇതിനോടകം മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പകര്‍ച്ചവ്യാധികളെ നിരീക്ഷിക്കുന്ന ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ ആണ് തലസ്ഥാന നഗരിയില്‍ അതിവേഗത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതായിട്ട് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട മുണ്ടിനീര് ഇപ്പോഴും പലയിടങ്ങളിലായി നിലനില്‍ക്കുകയാണെന്ന് ആരോഗ്യ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഡബ്ലിന്‍ റോയല്‍ കനാലില്‍ ഇറങ്ങിയ നിരവധിപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ റോയല്‍ കനാലില്‍ ഇറങ്ങരുതെന്ന നിര്‍ദ്ദേശവും കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. അഞ്ചാംപനി, എലിപ്പനി, മുണ്ടിനീര് തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് നഗരത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അയര്‍ലണ്ടില്‍ രണ്ടായിരത്തോളം ആളുകള്‍ക്കാണ് മുണ്ടിനീര് പിടിപെട്ടത്.

പ്രധാനമായും 15 മുതല്‍ 24 വയസ്സുവരെയുള്ളവരിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡബ്ലിന്‍ നഗര നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍-കോളേജ് അധികൃതര്‍ ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശവും നല്‍കിക്കഴിഞ്ഞു.

പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ ഒരു കാരണവശാലും അസുഖം മാറുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. എംഎംആര്‍ വാക്‌സിനേഷന്‍ എടുക്കത്തവര്‍ നിര്‍ബന്ധമായും കുത്തിവെയ്പ്പ് എടുക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഡബ്ലിന് തൊട്ടടുത്തുള്ള നഗരങ്ങളിലേക്ക് കൂടി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള ക്രമീകരങ്ങളാണ് അധികൃതര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: