അര്‍മേനിയന്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്തു; സംഭവം ശരിവെച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യും; ജര്‍മനിക്ക് പിന്നാലെ തുര്‍ക്കിക്കെതിരെ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിംഗ്ടണ്‍: തുര്‍ക്കിക്കെതിരെ യു എസ് പ്രതിനിധി സഭയില്‍ പ്രമേയം പാസ്സാക്കി. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായിരുന്നുവെന്ന് ആരോപിക്കുന്ന പ്രമേയമാണ് യുഎസ് പ്രതിനിധി സഭ പാസ്സാക്കിയത്. വടക്കന്‍ സിറിയയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നീക്കത്തിന് പ്രതികാരമായാണ് ഇത്തരമൊരു പ്രമേയം വോട്ടിനിട്ട് പാസാക്കിയതെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു.

സിറിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന മറ്റൊരു പ്രമേയവും പ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അതിക്രമങ്ങളിലൊന്നാണ് അര്‍മേനിയന്‍ വംശഹത്യയെന്ന്’ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഒന്നാം ലോകമഹായുദ്ധസമയത്ത് അര്‍മേനിയക്കാരെ ഒരു വംശീയ വിഭാഗമായി കണ്ടുകൊണ്ട് ആസൂത്രിതമായ അരുംകൊല ചെയ്തുവെന്ന ആരോപണം തുര്‍ക്കി നിഷേധിക്കുന്നുണ്ട്.

ഇതാദ്യമായല്ല അര്‍മേനിയന്‍ കൂട്ടക്കൊലയുടെ പേരില്‍ തുര്‍ക്കിക്കെതിരെ കുറ്റാരോപണം നടക്കുന്നത്. 2016-ല്‍ സമാനമായ പ്രമേയം ജര്‍മന്‍ പാര്‍ലിമെന്റ് പാസ്സാക്കിയിരുന്നു. അടിസ്ഥാനരഹിതവും ചരിത്രവിരുദ്ധവുമായ ആശയമാണ് പ്രമേയം മുന്നോട്ട് വെക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ അന്ന് പറഞ്ഞിരുന്നു. കത്തോലിക്കാ സഭാ അധ്യക്ഷനായ പോപ്പ് ഫ്രാന്‍സിസും വംശഹത്യയെന്ന വാദം മുന്നോട്ടുവച്ചതാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും ക്രിസ്ത്യന്‍ ഉന്‍മൂലനം തന്നെയായിരുന്നു ഓട്ടോമന്‍ ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നുമായിരുന്നു പോപ്പ് പ്രഖ്യാപിച്ചത്.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ 1.5 മില്യണ്‍ (15 ലക്ഷം) അര്‍മേനിയന്‍ ക്രിസ്ത്യാനികളെയാണ് സൈന്യം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതായി ചില ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. എന്നാല്‍ അര്‍മേനിയക്കാരെ കൂട്ടക്കൊല ചെയ്തിട്ടില്ലെന്നും അവരെല്ലാം യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്നുമാണ് തുര്‍ക്കിയുടെ വാദം.

Share this news

Leave a Reply

%d bloggers like this: