കൂടങ്കുളം ആണവനിലയത്തില്‍ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ഹാക്കിങ് നടന്നതായി സ്ഥിരീകരണം

തിരുനെല്‍വേലി: തമിഴ്നാട്ടിലെ കൂടങ്കുളം ആണവോര്‍ജ്ജ പദ്ധതി(കെകെഎന്‍പിപി)യുടെ കംപ്യൂട്ടറുകളില്‍ ഹാക്കിംഗിന് ഉപയോഗിക്കുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(കെ കെ എന്‍പിപി) സിസ്റ്റങ്ങളില്‍ ഹാക്കിംഗ് നടന്നുവെന്ന വാര്‍ത്ത കെകെഎന്‍പിപി നിരസിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഒരു സിസ്റ്റത്തില്‍ വൈറസുണ്ടെന്ന് അംഗീകരിച്ചത്. അതേസമയം വൈറസുകള്‍ ഒരു സിസ്റ്റത്തെയും ബാധിച്ചില്ലെന്നും ആണവ നിലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 സെപ്തംബര്‍ നാലിനാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നും അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആറ്റോമിക് എനര്‍ജി വകുപ്പ്(ഡിഎഇ) വിദഗ്ധര്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചുവെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ബന്ധമുള്ള കംപ്യൂട്ടറിലാണ് ഇത് കണ്ടെത്തിയത്. സങ്കീര്‍ണമായ ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ഇന്റര്‍നെറ്റ് ശൃംഖലകളെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും എന്‍പിസിഐഎല്‍ വ്യക്തമാക്കി. ഒരു ബഹുരാഷ്ട്ര ഐടി കമ്പനിയാണ് വൈറസ് ആക്രമണം കണ്ടെത്തുകയും ദേശീയ സൈബര്‍ സുരക്ഷ കൗണ്‍സിലിനെ വിവരം അറിയിക്കുകയും ചെയ്തത്. അതോടെ അവര്‍ ഒരു സൈബര്‍ ഓഡിറ്റ് നടത്തുകയും ഒക്ടോബറോടെ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെങ്കിലും അത് പ്രധാനപ്രവര്‍ത്തനങ്ങളെയൊന്നും യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും എന്‍പിസിഐഎല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച കെകെഎന്‍പിപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തങ്ങളുടെയും മറ്റ് ഇന്ത്യന്‍ ആണവോര്‍ജ്ജ പ്ലാന്റുകളുടെയും പ്രവര്‍ത്തനം പുറത്തുനിന്നുള്ള ഒരു സൈബര്‍ നെറ്റ് വര്‍ക്കുകളുമായോ ഇന്റര്‍നെറ്റുമായോ ബന്ധപ്പെടുത്തിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ആണവോര്‍ജ്ജ നിലയത്തിന്റെ നിയന്ത്രണ സംവിധാനത്തില്‍ യാതൊരു വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങളും സാധ്യമല്ല.

സുരക്ഷാ ഭീതിയില്ലാതെ പ്ലാന്റിന്റെ രണ്ട് യൂണിറ്റുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രെയിനിംഗ് സൂപ്രണ്ടും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ പി രാമദോസ് അറിയിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം വേണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ‘ഇത് വളരെ ഗൗരവകരമായ വിഷയമാണ്. ഒരു ശത്രുശക്തിക്ക് നമ്മുടെ ആണവ സൗകര്യങ്ങളില്‍ സൈബര്‍ ആക്രമണം നടത്താനാകുമെങ്കില്‍ അത് ദേശീയ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: