ശൈലജ ടീച്ചര്‍ക്ക് ക്രാന്തിയുടെ ഉജ്ജ്വല സ്വീകരണം; സ്പൗസ് വിസ പ്രശ്‌നത്തില്‍ പരിഹാരം കാണുമെന്നു ടീച്ചര്‍ക്ക് ഐറിഷ് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്

ഡബ്ലിന്‍: അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും, അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച പ്രവാസികളെയും ക്രാന്തി അയര്‍ലണ്ട് അനുമോദിച്ചു. അനുമോദന സമ്മേളനം പ്രൌഡ ഗംഭീരമായി. അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസഡര്‍ ശ്രീ സന്ദീപ് കുമാറും ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നിഹയും പങ്കെടുത്തു. ഇന്ത്യയിലെ മികച്ച ആരോഗ്യമന്ത്രിയും, കേരളത്തിലെ ആരോഗ്യ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടു വന്നു ലോക പ്രസിദ്ധി നേടിയ കെ കെ ശൈലജ ടീച്ചര്‍ക്ക് മോമെന്റോ ക്രാന്തിക്ക് വേണ്ടി ഐ എന്‍ എം ഒ സെക്രട്ടറി ഫില്‍ നിഹെ സമ്മാനിച്ചു.

ആരോഗ്യ മേഖലയില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ഡോക്ടര്‍ സുരേഷ് പിള്ള, ഡോക്ടര്‍ ഷേര്‍ലി ജോര്‍ജ്, ഡോക്ടര്‍ സുജ സോമനാഥന്‍, മോട്ടി വര്‍ഗീസ്, ബിനില കുര്യന്‍, ബിനിമോള്‍ സന്തോഷ്, വിജയാനന്ദ് ശിവാനന്ദന്‍, മനു മാത്യു, മിനി മോബി എന്നിവര്‍ക്കുള്ള അനുമോദന ഫലകങ്ങള്‍ മന്ത്രി ശൈലജ ടീച്ചര്‍ സമ്മാനിച്ചു.ക്രാന്തിയുടെ ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റ് ഉത്ഘാടനവും ക്രാന്തി റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുടെ ഉത്ഘാടനവും ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ട്രേഡ് യൂണിയന്‍ രംഗത്ത് ഇന്ത്യന്‍ ഇമിഗ്രന്റസില്‍ നിന്ന് കൂടുതല്‍ പേര്‍ കടന്നു വരണം എന്ന് അനുമോദന പ്രസംഗത്തില്‍ ഐ എന്‍ എം ഒ സെക്രട്ടറി ഫില്‍ നിഹെ ആവശ്യപെട്ടു. ആരോഗ്യ മേഖലയില്‍ കേരളവും അയര്‍ലണ്ടുമായി കൊടുക്കല്‍ വാങ്ങല്‍ സാധ്യതകള്‍ അയര്‍ലണ്ട് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസുമായി ചര്‍ച്ച ചെയ്തു എന്നു മന്ത്രി ശൈലജ ടീച്ചര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.കൂടുതല്‍ നഴ്‌സ്മാരെ കേരളത്തില്‍ നിന്ന് അയര്‍ലണ്ടില്‍ ജോലിക്ക് എത്തിക്കാന്‍ ഉള്ള പ്രാഥമിക ചര്‍ച്ചകളും മന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ക്രാന്തി ഭാരവാഹികള്‍ സൂചിപ്പിച്ച ജനറല്‍ നഴ്സുമാരുടെ സ്പൗസുമാര്‍ക്ക് ജോലി ചെയ്യാന്‍ ഉള്ള തടസ്സം നീക്കുന്ന കാര്യവും മന്ത്രിയുമായി സംസാരിച്ചുവെന്നും ഈ തടസ്സം നീക്കാന്‍ ഉള്ള നടപടികള്‍ ഉടനെ സ്വീകരിക്കുമെന്നും മന്ത്രിസൈമണ്‍ ഹാരിസ് അറിയിച്ചു എന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറും, ക്രാന്തി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ അഭിലാഷ് തോമസും ആശംസ പ്രസംഗങ്ങള്‍ നടത്തി. ക്രാന്തി പ്രസിഡന്റ് ഷിനിത്ത് എകെ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രീതി മനോജ് നന്ദിയും പറഞ്ഞു.


Share this news

Leave a Reply

%d bloggers like this: