മഹാരാഷ്ട്രയുടെ 19 മത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സ്ഥാനമേറ്റു; കണ്‍ഗ്രസിനും, എന്‍ സി പി യിക്കും സഭയില്‍ വ്യക്തമായ പ്രാതിനിധ്യം

മുംബൈ: ആഴ്ചകള്‍ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുംബയ് ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ മഹാവികാസ് അഖാഡി സഖ്യത്തിന്റെ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റിരിക്കുന്നത്. മുംബയ് ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ ശിവസേനയില്‍ നിന്ന് ഏക് നാഥ് ഷിന്‍ഡെയും സുഭാഷ് ദേശായിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീലും മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടും നിതിന്‍ റാവുത്തും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അനന്തരവനും ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ എതിരാളിയും ശിവസേന പിളര്‍ത്തി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചയാളുമായ രാജ് താക്കറെ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. തമിഴ് നാട്ടില്‍ നിന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

ബിജെപിക്കൊപ്പം ചേര്‍ന്ന് നാല് ദിവസത്തേയ്ക്ക് ഉപമുഖ്യമന്ത്രിയായ അജിത്ത് പവാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പം തിരിച്ചെത്തിയിരുന്നു.താന്‍ മന്ത്രിസഭയിലുണ്ടാകില്ല എന്ന് അജിത്ത് പവാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അജിത്ത് പവാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ ടീന അംബാനി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 43 മന്ത്രിമാരുണ്ടാകും. ശിവസേന – മുഖ്യമന്ത്രി അടക്കം 16, എന്‍സിപി – ഉപമുഖ്യമന്ത്രി അടക്കം 14, കോണ്‍ഗ്രസ് – ഉപമുഖ്യമന്ത്രി അടക്കം 13 എന്ന നിലയിലാണ് ഇപ്പോള്‍ മന്ത്രിസഭാ പ്രാതിനിധ്യം

Share this news

Leave a Reply

%d bloggers like this: