ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്: ഗൊതബായ രാജപക്സ ഇന്ന് മോദിയുമായി ചര്‍ച്ച നടത്തും…

ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബായ രാജപക്സ ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഗൊതബായയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങളാണ് പ്രധാനമായും മോദിയുമായി ചര്‍ച്ച ചെയ്യുക എന്ന് ഗൊതബായ വ്യക്തമാക്കി. ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്ര സഹമന്ത്രി ജനറല്‍ വി കെ സിംഗ് ആണ് രാജപക്സയെ സ്വീകരിച്ചത്.

ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നങ്ങള്‍ ഇന്ത്യ ഉന്നയിക്കും. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൊളംബോയില്‍ വച്ച് ഗൊതബായ രാജപക്സയുമായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ് ന്യൂനപക്ഷത്തെ ശ്രീലങ്കയുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. തമിഴ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയാതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളിലും ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ പ്രബലരായ രാജപക്സ കുടുംബംസ്വീകരിച്ചുപോന്ന നിലപാടുകള്‍ എക്കാലവും വിവാദമായിരുന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗൊതബായ രാജപക്സ, പ്രതിരോധ സെക്രട്ടറിയും സഹോദരന്‍ മഹീന്ദ രാജപക്സ പ്രസിഡന്റും ആയിരിക്കെയാണ് 2009ല്‍ എല്‍ടിടിഇക്കെതിരായ സൈനിക നടപടിക്കിടെ തമിഴ് വംശജര്‍ കൂട്ടക്കൊലയ്ക്കും വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായത്.

യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ പരിശോധനകള്‍ അനുവദിക്കില്ല എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഗൊതബായ രാജപക്സ പറഞ്ഞിരുന്നു. സൈനികരെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്നും ഗൊതബായ പറഞ്ഞിരുന്നു. മഹീന്ദ രാജപ്കസ ഗവണ്‍മെന്റിന്റെ ചൈനീസ് അനുകൂല നിലപാട് ഗൊതബായയും തുടരുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. 2005 – 2015 കാലത്ത് ചൈനീസ് കപ്പലുകളും മുങ്ങിക്കപ്പലുകളും ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിന് ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ നടപടികളിലെ സഹകരണം ശക്തമാക്കും.

Share this news

Leave a Reply

%d bloggers like this: