അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഇറാഖ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു…

ഇറാഖ് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹ്ദി തന്റെ രാജി പ്രഖ്യാപിച്ചു. രാജ്യമൊട്ടുക്കും മഹ്ദി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് രാജിപ്രഖ്യാപനം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭകര്‍ തെക്കന്‍ നഗരമായ നജാഫിലുള്ള ഇറാനിയന്‍ കോണ്‍സുലേറ്റിന് തീയിടുകയുണ്ടായി. ഇറാഖികളുടെ ഇറാന്‍ വിരുദ്ധ വികാരത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമായിരുന്നു ഇത്. പ്രക്ഷോഭകര്‍ എംബസിയിലെ ഇറാനിയന്‍ പതാക നീക്കം ചെയ്യുകയും പകരം അവിടെ ഇറാഖി പതാക ഉയര്‍ത്തുകയും ചെയ്തു. ഇറാനിയന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കെട്ടിടത്തിന്റെ പിന്‍വാതിലിലൂടെയാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയത്.

ഇറാഖിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ ചെലുത്തുന്ന സ്വാധീനം വര്‍ദ്ധിച്ചുവരുന്നതാണ് ഇറാനിയന്‍ എംബസി ആക്രമിക്കാന്‍ കാരണമായത്. ഇറാന്‍ പിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടികളും അര്‍ദ്ധസൈനിക വിഭാഗങ്ങളുമാണ് രാജ്യത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ലമെന്റില്‍പോലും ആധിപത്യം പുലര്‍ത്തുന്നത്. തലസ്ഥാനമായ ബാഗ്ദാദിലും ഷിയ-മുസ്ലിം ഭൂരിപക്ഷമുള്ള തെക്കന്‍ പ്രദേശങ്ങളിലും ആഴ്ചകളോളമായി ജനങ്ങള്‍ തെരുവിലാണ്. സുരക്ഷാ സേനയുടെ വെടിയേറ്റ് നൂറുകണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. പക്ഷെ ജനം പിന്‍വാങ്ങിയില്ല.

ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് മഹ്ദി തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ പ്രക്ഷോഭകാരികള്‍ പിന്‍വാങ്ങുകയുണ്ടായില്ല. ഒക്ടോബര്‍ മാസത്തില്‍ കനത്തു തുടങ്ങിയ പ്രക്ഷോഭത്തില്‍ അതേ മാസത്തില്‍ നൂറ്റമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. അഴിമതി, തൊഴിലില്ലായ്മ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് ജനരോഷം ആളിക്കത്തിയത്. പ്രക്ഷോഭം ഇറാഖ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ചപ്പോള്‍ പാര്‍ലമെന്റംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണുണ്ടായത്. സര്‍ക്കാരിന് പ്രശ്‌നപരിഹാരത്തിന് പദ്ധതിയില്ലെന്നാണ് പാര്‍ലമെന്റംഗങ്ങള്‍ അന്ന് പ്രതികരിച്ചത്.

4 കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴില്‍ ക്ഷാമം രൂക്ഷമായതും ഇറാഖ് സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്നതുമാണ് സമരം രൂക്ഷമാകാന്‍ കാരണം. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു. സാധാരണ ഇറാഖികളുടെ ആവശ്യങ്ങളേക്കാള്‍ പ്രാദേശികമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മാത്രമാണ് വരേണ്യ അധികാരവര്‍ഗ്ഗത്തിന് താല്‍പര്യമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. ഇറാഖിലെ 40 ദശലക്ഷം ജനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിനും ആറ് ഡോളറില്‍ താഴെയാണ് പ്രതിശീര്‍ഷ വരുമാനമെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: