എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫര്‍

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്കാണ് എയര്‍ ഇന്ത്യ അധിക ബാഗേജ് ഓഫര്‍ നല്‍കുന്നത്. ഇത് അനുസരിച്ച് ഇനി 10 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. സാധാരണ ഗതിയില്‍ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര ഫ്‌ലൈറ്റുകളിലും കര്‍ശനമായ ബാഗേജ് നിയമങ്ങളുണ്ട്. നിര്‍ദ്ദിഷ്ട പരിധിക്കപ്പുറമുള്ള ബാഗേജുകള്‍ക്ക് വിമാനകമ്പനികള്‍ യാത്രക്കാരില്‍ നിന്ന് അധിക ബാഗേജ് ഫീസ് ഈടാക്കുന്നുണ്ട്.

ധാരാളം ബാഗേജുകളുമായി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ ഈ ഓഫര്‍ വളരെ ആശ്വാസം പകരുന്നതാണ്. കൂടാതെ ഈ അധിക ബാഗേജ് അലവന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 5,000 രൂപവരെ ലാഭിക്കുകയും ചെയ്യാം. അലയന്‍സ് എയര്‍ ഫ്‌ലൈറ്റിന്റേത് ഉള്‍പ്പെടെ ഇന്ത്യയിലെ ആഭ്യന്തര യാത്രകള്‍ക്കായുള്ള അധിക ബാഗേജ് നിരക്ക് കിലോയ്ക്ക് 500 രൂപയും ബാധകമായ ജിഎസ്ടിയുമാണ്.

ഫസ്റ്റ് ക്ലാസ്- 40 കിലോഗ്രാം, ബിസിനസ് ക്ലാസ് – 35 കിലോഗ്രാം, ഇക്കണോമിക് ക്ലാസ് – 25 കിലോഗ്രാം എന്നിങ്ങനെയാണ്. എല്ലാ ക്ലാസുകളിലും യാത്രചെയ്യുന്ന കുട്ടികള്‍ക്ക് -10 കിലോഗ്രാം, അലയന്‍സ് എയര്‍ ഫ്‌ലൈറ്റുകള്‍ക്ക് (ഷിംല/കുളു ഒഴികെ) – 15 കിലോഗ്രാം, അലയന്‍സ് എയര്‍ ഫ്‌ലൈറ്റുകള്‍ക്ക് (ഷിംല / കുളു) -10 കിലോഗ്രാം എന്നിവയുമാണ് പുതുക്കിയ ബാഗേജ് അലവന്‍സ്.

ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ആരംഭിക്കുമെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം ലോക്സഭയിലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മാര്‍ച്ചിനുള്ളില്‍ തന്നെ പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: