വിക്രം ലാന്‍ഡറിനെ കുറിച്ച് നേരെത്തെ വിവരം ലഭിച്ചിരുന്നു; അവകാശവാദവുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍

ബാംഗളൂര്‍: ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ഇമേജുകള്‍ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്റെ സഹായത്തോടെ കണ്ടെത്തിയെന്ന അവകാശവാദത്തെ തള്ളി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ചന്ദ്രയാന്‍ 2വിന്റെ ലൂണാര്‍ ഓര്‍ബിറ്റര്‍ ഇത് നേരത്തെ കണ്ടെത്തിയതായിട്ടുള്ളതായി ശിവന്‍ പറഞ്ഞു. ഇന്നലെയാണ് നാസ ഈ വിവരം പുറത്തുവിട്ടത്. ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൈമാറിയ വിവങ്ങള്‍ പരിശോധിച്ചാണ് നാസ എല്‍ആര്‍ഒസി (ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ) ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ കണ്ടെത്തലിന് ഷണ്‍മുഖയെ നാസ അഭിനന്ദിച്ചിരുന്നു.

‘ഞങ്ങളുടെ ഓര്‍ബിറ്റര്‍ ഇക്കാര്യം കണ്ടെത്തി സ്ഥിരീകരിക്കുകയും വെബ് സ്റ്റൈില്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് അത് പരിശോധിക്കാവുന്നതാണ്’- കെ ശിവന്‍ പറഞ്ഞു. അതേസമയം സെപ്റ്റംബര്‍ 10ന് ഐഎസ്ആര്‍ഒ പ്രസിദ്ധീകരിച്ച വിവരത്തില്‍ ഇങ്ങനെയാണ് പറയുന്നത് – വിക്രം ലാന്‍ഡറിനെ ഐഎസ്ആര്‍ഒയുടെ ഓര്‍ബിറ്റര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ യാതൊരു ആശയവിനിമയവും ഇതുവരെ സാധ്യമായിട്ടില്ല. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ഇതുവരെ പുറത്തുവിട്ടില്ല. ഷണ്‍മുഖ സുബ്രമണ്യനാണ് ആദ്യമായി ലാന്‍ഡര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: