രഹസ്യ പരീക്ഷണം നടത്തി ഉത്തര കൊറിയ; യുഎസിനുള്ള ക്രിസ്മസ് സമ്മാനമെന്നും വിലയിരുത്തല്‍

പ്യോങ്‌യാങ്: സോഹിയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ സുപ്രധാന പരീക്ഷണം നടത്തിയെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് വാര്‍ത്ത പുറത്തുവിട്ടത്.എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ പരീക്ഷണം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉത്തരകൊറിയക്ക് വന്‍ പ്രധാന്യം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് ഉത്തര കൊറിയയുടെ പരീക്ഷണമമെന്നാണ് സൂചന. ഉത്തര കൊറിയ അമേരിക്കയ്ക്ക് ക്രിസ്മസ് സമ്മാനം നല്‍കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്‍ അടുത്തിടെ പക്തു പര്‍വതത്തില്‍ കുതിര സവാരി നടത്തിയിരുന്നു. ഇത് വരാനിരിക്കുന്ന എന്തോ പ്രധാന കാര്യത്തിന് മുന്നോടിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഉത്തര കൊറിയ പ്രധാന പരീക്ഷണങ്ങള്‍ നടത്തുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നതിന് മുമ്പ് കിം ജോങ് ഉന്‍ പക്തുവില്‍ കുതിര സവാരി നടത്താറുണ്ട്. ഉത്തര കൊറിയക്കുമേലുള്ള അമേരിക്കയുടെ നിയന്ത്രണങ്ങള്‍ ഡിസംബറില്‍ അവസാനിപ്പിക്കണമെന്ന് കിം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: