ബ്രിട്ടനെ നയിക്കാൻ വീണ്ടും ബോറിസ്; ജനുവരി 31ഓടെ ബ്രെക്സിറ്റ്‌ നടപ്പാകും

ലണ്ടൻ: ചരിത്രവിജയം നേടി ടോറികൾ യുകെ യിൽ ഭരണത്തുടർച്ചയിലേക്ക്. നേരത്തെ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുമായാണ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞതവണത്തേതിനെക്കാള്‍ അമ്പതിനടുത്ത് സീറ്റുകള്‍ അധികം നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. കൺസർവേറ്റുകൾ‌ ഇതിനോടകം 358 സീറ്റുകൾ നേടിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. 59 സീറ്റുകളിലാണ് ലേബർ പാർട്ടിക്ക് തിരിച്ചടി നേരിട്ടത്. 203 സീറ്റുകളാണ് ഇതുവരെ ലേബർ പാർട്ടിക്ക് ലഭിച്ചിട്ടുള്ളത്. പരമ്പരാഗത ശക്തിപ്രദേശങ്ങളിൽ കൺസർവേറ്റീവുകൾ മുന്നറ്റം നേടിയിട്ടുണ്ട്. ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും വിജയിച്ചപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ പരാജയപ്പെട്ടു.

1935 ന് ശേഷം ലേബർ പാർട്ടിക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിക്കാനുണ്ടാകില്ലെന്ന സൂചിപ്പിച്ച ജെർമി കോർബിൻ പാർട്ടി നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന സൂചനയും നൽകി. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ബ്രെക്സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളും മുന്നോട്ടുകൊണ്ടുപോകുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: