ലൈംഗിക ചൂഷണം നടത്തുന്ന പുരോഹിതർക്കെതിരെ ശക്തമായ നടപടിയുമായി വത്തിക്കാൻ; സുപ്രധാന നയംമാറ്റം പോപ്പിന്റെ ജന്മദിനത്തിൽ

റോം: ലൈംഗികപീഡന കേസുകളിലെ സഭാരേഖകള്‍ പരസ്യപ്പെടുത്താനൊരുങ്ങി വത്തിക്കാന്‍. പുരോഹിതരുൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവിടും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് ചരിത്രപരമായ നയംമാറ്റം വത്തിക്കാന്‍ വെളിപ്പെടുത്തിയത്. സഭാ പുരോഹിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗീകാരോപണങ്ങളും, ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും കൂടി വരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ രേഖകള്‍ പരസ്യപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് ‘പോണ്ടിഫിക്കല്‍ സീക്രസി’ എന്ന നിയമം ഇനിമുതല്‍ ബാധകമല്ലെന്ന് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.

ഇരകളുടെ സ്വകാര്യതക്കും, പ്രതികളുടെ പ്രശസ്തിക്കും കോട്ടം തട്ടാതിരിക്കാനാണ് ലൈംഗിക പീഡന കേസുകള്‍ ഇത്രകാലവും സഭ മറച്ചുവെച്ചിരുന്നത്. സഭാ രേഖകളില്‍ പുലര്‍ത്തുന്ന രഹസ്യാത്മകത നീക്കുന്ന ചരിത്രപരമായ നിലപാടാണ് മാര്‍പ്പാപ്പ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതത് രാജ്യത്തെ നിയമസംവിധാനത്തോട് സഹകരിച്ചുകൊണ്ട് വിവരങ്ങള്‍ പൊലീസിന് കൈമാറാനാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.18-വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.

ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാന്‍ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ പീഡനവിവരം പുറത്തു പറയുന്നവര്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ നീക്കികൊടുക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന വത്തിക്കാന്‍ ഉച്ചകോടിയിലാണ് നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നത്. ലൈംഗികചൂഷണം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും സമഗ്രമായും സുരക്ഷിതമായും രഹസ്യാത്മകമായും കൈകാര്യം ചെയ്യണമെന്ന് മാര്‍പ്പാപ്പ തന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. സിവില്‍ നിയമങ്ങള്‍ പാലിക്കാനും അത്തരം കേസുകള്‍ അന്വേഷിക്കുന്ന സിവില്‍ ജുഡീഷ്യല്‍ അധികാരികളോട് സഹകരിക്കാനും അദ്ദേഹം വത്തിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: