പൗരത്വ ബില്ലിനെതിരായ ഹർജികളിൽ സ്റ്റേ ഇല്ല; സുപ്രീം കോടതിയിൽ തുടർവാദം കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം

ന്യൂഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ച് വ്യക്തമാക്കി. ജനുവരി ആദ്യ ആഴ്ചകളിൽ തന്നെ മറുപടി നൽകാനാണ് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 22ന് കേസില്‍ വാദം കേള്‍ക്കും. മുസ്ലിം ലീഗ് ഉള്‍പ്പെടെ നൽകിയ 60 ഓളം ഹര്‍ജികളാണ് വിവാദ പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

മതഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും സമത്വവും ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് പൗരത്വ ഭേഗതി നിയമമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നിയമം നടപ്പാക്കാനാകില്ല. ഈ സാഹചര്യത്തിൽ സ്റ്റേ ആവശ്യമില്ലെന്നാണ് കോടതി വിലയിരുത്തൽ. സ്‌റ്റേ ഹര്‍ജിയിലും കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലിനും നോട്ടീസ് നല്‍കി. മൂന്ന് നോട്ടീസുകളാണ് സുപ്രീംകോടതി അയച്ചത്. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: