ചരിത്രത്തിലാദ്യമായി നോത്രദാം കത്തീഡ്രലില്‍ ഇത്തവണ ക്രിസ്മസ് ആഘോഷം ഇല്ല

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ 1803-ന് ശേഷം ആദ്യമായി ക്രിസ്മസ് ആഘോഷം നടത്തുകയില്ല. കത്തീഡ്രലിന്റെ ഗോപുരവും മേല്‍ക്കൂരയുടെ സിംഹഭാഗവും എട്ട് മാസം മുന്‍പുള്ള തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ ചരിത്രമാണ് നോത്രദാം കത്തീഡ്രലിനുള്ളത്. ഇത്തവണ അടുത്തുള്ള സെന്റ് ജെര്‍മന്‍ അലക്‌സൂറിയോസ് ഗോത്തിക് ചര്‍ച്ചിലാണ് മിഡ്‌നൈറ്റ് മാസ്സും, പ്രാര്‍ത്ഥനയുമടക്കം മറ്റു ക്രിസ്മസ് ആഘോഷങ്ങളെല്ലാം നടക്കുക.

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂർത്തിയായത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളേയും ദേവാലയം അതിജീവിച്ചു. ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ആദ്യമായാണ് കത്തീഡ്രലില്‍ അര്‍ദ്ധരാത്രി കുര്‍ബാന നടക്കാതെ പോകുന്നതെന്ന് റെക്ടര്‍ പാട്രിക് ഷോവറ്റ് പറയുന്നു. ഏപ്രില്‍ പതിനഞ്ചിനാണ് പള്ളിക്ക് തീ പിടിച്ചത്. നോത്രദാമിന്റെ പ്രധാനഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കത്തീഡ്രൽ പുനർനിർമിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. പുനർനിർമാണത്തിനായി ഫ്രാൻസിലെ ശതകോടീശ്വരന്മാർ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: