പാകിസ്താന്റെ സമ്മർദ്ദം ശക്തം; കാശ്മീർ വിഷയം ചർച്ച ചെയ്യാൻ മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം സൗദിയിൽ

റിയാദ് : കാശ്മീർ വിഷയത്തിൽ മലക്കം മറിഞ്ഞു സൗദിഅറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് ഇക്കാര്യം അറിയിച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസിന്റെ സമ്മേളനമാണ് സൗദിയിൽ വിളിച്ചു ചേർക്കുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിലതിനെ കുടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് മോദി സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നത്.

എന്നാല്‍ ഒ ഐ സിയില്‍ ഉള്ള പ്രാമുഖ്യം നഷ്ടമാകുമെന്ന ആശങ്കയാണ് സൗദി അറേബ്യയെ കാശ്മീര്‍ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിദേശ കാര്യമന്ത്രിമാരുടെ യോഗം എന്നാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കശ്മീര്‍ വിഷയത്തില്‍ സൗദി ഇടപെടുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. ഇതുവരെ കശ്മീര്‍ വിഷയത്തില്‍ അകലം പാലിച്ചിരുന്ന സൗദി അറേബ്യ പാകിസ്താന്റെ സമ്മര്‍ദ്ദം മൂലമാണ് ഒഐസി യോഗം വിളിക്കുന്നത്. മലേഷ്യ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇറാന് പുറമെ പാകിസ്താനും യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സൗദി അറേബ്യ ഇടപെട്ട് പാകിസ്താനെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്.

കാശ്മീരിന് വേണ്ടി ഒ ഐ സി രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കാമെന്ന് ഉറപ്പുനല്‍കിയാണ് പാകിസ്താനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. മലേഷ്യയുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ സംഘടിച്ചാല്‍ ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പ്രാമുഖ്യം നഷ്ടമാകുമെന്ന ആശങ്കയും സൗദിയെ മാറി ചിന്തിപ്പിച്ചുവെന്നാണ് കരുതുന്നത്. മലേഷ്യയുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പ്രധാന വക്താവായിരുന്നു പാകിസ്താന്‍. തുര്‍ക്കിയായിരുന്നു മറ്റൊരു പ്രധാന രാജ്യം. ഇതില്‍നിന്ന് പാകിസ്താന്‍ അവസാന നിമിഷമാണ് പിന്‍വാങ്ങുന്നത്.

കാശ്മീര്‍ വിഷയത്തില്‍ യോഗം വിളിക്കാമെന്ന സൗദി അറേബ്യയുടെ ഉറപ്പാണ് ഇതിന് കാരണമായി പറയുന്നത്. ഇറാനും തുര്‍ക്കിയുമായും അത്ര സുഖകരമായ ബന്ധത്തിലല്ല സൗദിഅറേബ്യ. സൗദിയും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമാണ് മോദി ഭരണകുടം നല്‍കിയത്. തങ്ങള്‍ മുസ്ലീം വിരുദ്ധരല്ലെന്ന് സ്ഥാപിക്കാന്‍ കൂടി ഈ രാജ്യങ്ങളുമായുളള നല്ല ബന്ധത്തെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. കാശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടി ഏല്‍ക്കാതിരിക്കാനും ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതൊക്കെയാണ് സൗദിയുടെ പുതിയ തീരുമാനത്തോടെ ഇല്ലാതാകുകയെന്നാണ് ആശങ്ക.

പുതിയ സാഹചര്യത്തെ നേരിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തെഹ്‌റാനിലെത്തി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. യു എന്‍ പൊതു സഭയുടെ യോഗം നടക്കുന്നതിനിടെയാണ് പാകിസ്താനും തുര്‍ക്കിയും മലേഷ്യയും ത്രി രാഷ്ട്ര ഉച്ചകോടി ചേര്‍ന്ന് ഇസ്ലാമോഫോബിയ നേരിടാന്‍ ടെലിവിഷന്‍ ചാനലടക്കം ആരംഭിക്കാൻ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ നേതൃസ്ഥാനം സൗദിയില്‍നിന്ന് കൈയടക്കനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളും പുതിയ സംഭവങ്ങള്‍ക്ക് പിറകിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസിന് ബദല്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നാണ് സൂചന.

ഇതാണ് സൗദിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മലേഷ്യയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പാകിസ്താനെ അനുനയിപ്പിച്ച് ഉച്ചകോടിയില്‍നിന്ന് പിന്തിരിപ്പിച്ചത്. പാകിസ്താന്‍ സെന്റട്രല്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുമെന്നും സൗദിയിലുള്ള പാക് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണിപ്പെടുത്തിയുമാണ് സൗദി ഇംമ്രാന്‍ഖാനെ വരുതിയിലാക്കിയതെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആരോപിച്ചത്.

Share this news

Leave a Reply

%d bloggers like this: