ദശമൂലം ദാമു സിനിമയാകുന്നു, നിർമ്മാണം അയർലണ്ട് മലയാളി

മലയാളത്തിലെ മികച്ച അഭിനേതാവായി മാറിക്കൊണ്ടിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, ട്രോളർമാരുടെ ആവനാഴിയിലെ മികച്ച അസ്ത്രമായി ഇപ്പോഴും ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങളിൽ ജീവിക്കുന്ന “ചട്ടമ്പിനാട്” എന്ന ചിത്രത്തിലെ “ദശമൂലം ദാമു” എന്ന കഥാപാത്രം ഇതാ ഒരു മുഴുനീള സിനിമയായി മാറാൻ പോകുന്നു..

‌ഷാഫി, ബെന്നി പി നായരമ്പലവും ചേർന്ന് സൃഷ്ടിച്ച ദശമൂലം ദാമുവിനു മികച്ച ഒരു എന്റർടൈൻമെന്റ് വാല്യൂ ഉണ്ടെന്നു കണ്ടെത്തി, ആ കഥാപാത്രത്തെ ആധാരമാക്കി നിരവധി മലയാള ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയിട്ടുള്ള ജി സേതുനാഥിന്റെ സംവിധാനത്തിൽ ഒരു മുഴുനീള സിനിമ തയ്യാറാക്കുന്ന തിരക്കിലാണ് അമരക്കാരനായ ജിനീഷ് പനക്കൽ എന്ന അയർലണ്ട് മലയാളി. ഇരുപതു വർഷപ്രവാസിയായി കൗണ്ടി കോർക്കിലെ ബാൻട്രിയിൽ ആണ് ജിനീഷും കുടുംബവും.

ഷാഫി പ്രൊഡക്ഷൻസിന്റെ പാർട്ണറും നിരവധി മലയാള ചിത്രങ്ങളുടെ പിന്നണിയിലും പ്രവർത്തിച്ച ജിനീഷ് പനക്കൽ ഒരു സ്വതന്ത്ര നിർമാതാവാകാൻ ഒരുങ്ങുകയാണ് ദശമൂലം ദാമുവിലൂടെ.
ഷാഫി, ബെന്നി പി നായരമ്പലം കൂട്ടുകെട്ട് അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ്‌ ഓഫിസിൽ പരാജയം നുകർന്നിട്ടേ ഇല്ല എന്നത് ദശമൂലം ദാമുവിന് കൂടുതൽ പ്രതീക്ഷ ഏകുന്ന ഒന്നാണ്, ഒപ്പം തന്നെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സുരാജ് എന്ന കൊമേഡിയനെ മലയാളി പ്രേക്ഷകർക്ക് തിരിച്ചു നൽകുകയാണ് ഈ ചിത്രത്തിലൂടെ.

ഇപ്പോഴും ദശമൂലം ദാമുവിലൂടെ ട്രോൾ വർഷങ്ങൾ പൊഴിക്കുന്ന ട്രോളര്മാര്ക്കും, മികച്ച കോമഡി സിനിമയ്ക്കായി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകരും ഒരുപാട്
പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദശമൂലം ദാമുവിനെ വരവേൽക്കാനായി.

കൂടുതൽ വാർത്തകൾ ഉടനെ പ്രതീക്ഷിക്കാമെന്ന് ഷാഫി പ്രൊഡക്ഷൻസിന്റെ പാർട്ണറും നിർമ്മാതാവുമായ ജിനീഷ് പനക്കൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: