കോവിഡ്‌-19: ആകെ 12,000 ജീവൻ പൊലിഞ്ഞു; രോഗബാധിതർ മൂന്നു ലക്ഷം; ഇന്ത്യയിൽ കോവിഡ്‌ ബാധിതർ ഇരട്ടിയായി

ചൈനയിൽ ആർക്കും കോവിഡ്‌ പടരാതെ തുടർച്ചയായി മൂന്നാം ദിവസം. എന്നാൽ, വിദേശത്തുനിന്നു വന്ന 41 പേർക്ക്
വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏഴുപേർകൂടി മരിച്ചതോടെ ചൈനയിൽ ആകെ മരണസംഖ്യ 3,255 ആയി.

ലോകത്തെ 68 രാജ്യത്തിലായി കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം 12,000 കടന്നു. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ഇവരിൽ 95,000-ലധികം ആളുകൾ രോഗമുക്തരായി. 35 രാജ്യത്തിലായി 100 കോടിയോളം ആളുകൾ മുൻകരുതലായി വീടുകളിൽത്തന്നെ കഴിയുകയാണ്‌.
ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിലെ ശനിയാഴ്‌ചത്തെ കണക്ക്‌ ലഭ്യമായിട്ടില്ല. വെള്ളിയാഴ്‌ച 627 പേരുടെ മരണവിവരംകൂടി അറിവായപ്പോൾ മരണസംഖ്യ 4032 ആയിരുന്നു.
ഒറ്റദിവസം ഏതെങ്കിലും രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യയാണ്‌ 627.

വെള്ളിയാഴ്‌ചവരെ 450 പേർ മരിച്ച ഫ്രാൻസ്‌, 177 പേർ മരിച്ച ബ്രിട്ടൻ എന്നിവിടങ്ങളിലെ പുതിയ കണക്ക്‌ ലഭ്യമായിട്ടില്ല.
സ്‌പെയിനിൽ 233 പേർകൂടി മരിച്ചതോടെ മരണസംഖ്യ 1326 ആയി. അമേരിക്കയിൽ മരണസംഖ്യ 300 കടന്നു. നെതർലൻഡ്‌സിലും ബെൽജിയത്തിലും 30 പേർ വീതംകൂടി മരിച്ചതോടെ ആകെ മരണസംഖ്യ യഥാക്രമം 136ഉം 67ഉം  എന്നിങ്ങനെയായി.

യൂറോപ്പാണ്‌ ഇപ്പോൾ രോഗത്തിന്റെ പ്രധാന കേന്ദ്രം. എന്നാൽ, 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 40 എണ്ണത്തിൽ രോഗം എത്തിയത്‌ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്‌. ആയിരത്തോളം രോഗികളാണ്‌ ഇപ്പോൾ ആഫ്രിക്കയിലുള്ളത്‌.

രോഗത്തിന്റെ ഭീകരാവസ്ഥയിൽനിന്ന്‌ ഏറെക്കുറെ മോചിതമായ ചൈന ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾക്കടക്കം സഹായവുമായി രംഗത്തുണ്ട്‌. ശനിയാഴ്‌ച 18 ടൺ ചികിത്സാസാമഗ്രികളുമായി എയർ ചൈനയുടെ വിമാനം ഗ്രീസിലെ ആഥൻസിലിറങ്ങി.

ഇന്ത്യയിൽ കോവിഡ്‌–19 ബാധിതർ രണ്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച പകൽ  മാത്രം അറുപതിലേറെപ്പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതർ 315 ആയി. ഇതിൽ  39 വിദേശികളാണ്‌. 20 സംസ്ഥാനങ്ങളിലാണ്‌ രോഗവ്യാപനം.  വിദേശരാജ്യങ്ങളിൽനിന്നുവന്ന 1700 ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്‌. ഡൽഹിയിൽ രോഗികൾ 26 ആയി.  മൂന്ന്‌ വിദേശികളടക്കം 63 പേർക്ക്‌  മഹാരാഷ്‌ട്രയിൽ  രോഗം സ്ഥിരീകരിച്ചു. കർണാടകത്തിൽ 18 പേർക്കാണ്‌ രോഗം. 

Share this news

Leave a Reply

%d bloggers like this: