കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുതിർന്ന പൗരൻമാർക്ക് കൊക്കൂണിംഗ് പദ്ധതിയുമായി അയർലൻഡ്.

കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള അടിയന്തര നടപടികളിൽ കൊക്കൂണിംഗ് പദ്ധതി ഉൾപ്പെടുത്താൻ അയർലൻഡ് സർക്കാർ തീരുമാനിച്ചു. 70 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ആരോഗ്യപരമായി ദുർബലരായവരെയും സാമൂഹിക ഇടപെടലുകളിൽ നിന്നും മാറ്റി നിർത്തി സംരക്ഷിക്കുന്ന പദ്ധതിയാണ് കൊക്കൂണിംഗ് എന്ന് HSE അറിയിച്ചു.

70 വയസ്സിലധികം പ്രായമുള്ളവർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്‌തവർ, സിസ്റ്റിക് ഫൈബ്രോസിസ്, ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ക്യാൻസർ രോഗികൾ, അപൂർവ രോഗങ്ങളുള്ളവർ, അണുബാധയുടെ സാധ്യത കൂടുതലുള്ളവർ, രോഗപ്രതിരോധശേഷി ചികിത്സയിലുള്ളവർ, ഹൃദ്രോഗമുള്ളയാളുകൾ, ഗർഭിണികൾ തുടങ്ങിയവരാണ് കൊക്കൂണിംഗ് പദ്ധതിയിൽ ഉൾപ്പെടുക.

ഈ വിഭാഗത്തിൽപ്പെടുന്ന ആളുകൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ യാത്രകൾ നടത്തുകയോ ചെയ്യരുത്.
അനിവാര്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മുഖാമുഖ ഇടപെടലുകളും ഒഴിവാക്കണം. ഫോണിലൂടെയോ ഇൻറർനെറ്റിലൂടെയോ സുഹൃത്തുക്കളുമായും കുടുംബവുമായും ഇടപെട്ടാൽ മതിയെന്നും HSE അറിയിച്ചു.

ഭക്ഷണം, ഗാർഹികാവശ്യങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കൊക്കൂണിംഗിൽ ഉൾപ്പെടുന്നവർക്ക്‌ പ്രാദേശിക അധികാരികൾ മുഖേനയും സന്നദ്ധപ്രവർത്തകർ വഴിയും എത്തിച്ചു നൽകുമെന്നും HSE അറിയിച്ചു. ജനങ്ങൾ ഓൺലൈൻ സേവനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും HSE നിർദ്ദേശിച്ചു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ നിലനിൽക്കും. ജനങ്ങൾ സാമൂഹിക-ശാരീരിക അകലങ്ങൾ പാലിക്കണമെന്നും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും സർക്കാർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: