ഐ സി യു സൗകര്യം പോരാ; വർധിപ്പിക്കണമെന്ന് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ

അയർലണ്ടിലെ ആശുപത്രികളിൽ ഐസിയു സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യം.

കൊറോണ വൈറസ്‌ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ അയർലണ്ടിലെ തീവ്രപരിചരണ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ അറിയിച്ചു. 411 പേരെ മാത്രമേ തീവ്രപരിചരണവിഭാഗത്തിൽ പരിചരിക്കാൻ സൗകര്യമുള്ളുവെന്ന് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ പറഞ്ഞു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ICU വാർഡുകൾ സജ്ജമാക്കണമെന്നും ഇതിനായി നടപടികൾ ഉടനടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ലിയോ വരദ്കറിനും മറ്റ് നേതാക്കൾക്കും അയച്ച കത്തിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കോവിഡ്-19 ബാധിച്ചവർക്ക് പുറമേ കാൻസർ, ഹൃദ്രോഗം, അവയവം മാറ്റിവയ്ക്കൽ, മറ്റ് ശസ്ത്രക്രിയകൾ തുടങ്ങി നിരവധി രോഗങ്ങൾ ബാധിച്ചവർക്കും ICU ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇത്തരം രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ സാധിക്കില്ലെന്നും അത് അവരുടെ ജീവനുതന്നെ ഭീഷണിയാകുമെന്നും അവർ പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന് സർക്കാർ ധനസഹായം നൽകണമെന്നും ഇത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമായി കണക്കാക്കണമെന്നും അവർ അറിയിച്ചു. എല്ലാ രോഗികൾക്കും ഉചിതമായ ചികിത്സയും പരിചരണവും നൽകണമെന്നും പകർച്ചവ്യാധി മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കണമെന്നും അവർ പറഞ്ഞു.

ഹ്രസ്വകാലത്തേക്ക് തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷി എങ്ങനെ വർദ്ധിപ്പിക്കാമെന്ന് ഉടൻ കണ്ടെത്തണം. അവശ്യ സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആശുപത്രികളെ സഹായിക്കണമെന്നും കൂടുതൽ സ്റ്റാഫുകളെ നിയമിക്കണമെന്നും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകൾ നൽകിയ കത്തിൽ പറയുന്നു.
ഇന്റൻസീവ് കെയർ സൊസൈറ്റി ഓഫ് അയർലൻഡ്, ഐറിഷ് അസോസിയേഷൻ ഓഫ് അനസ്തെറ്റിസ്റ്റ്സ്, ജോയിന്റ് ഫാക്കൽറ്റി ഓഫ് ഇന്റൻസീവ് കെയർ മെഡിസിൻ, അയർലണ്ടിലെ കോളേജ് ഓഫ് അനസ്തേഷ്യോളജിസ്റ്റ്, ഐറിഷ് അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ തുടങ്ങിയ സംഘടനകൾ ചേർന്നാണ് പ്രധാനമന്ത്രിക്കും മറ്റ് നേതാക്കമാർക്കും കത്ത് നൽകിയത്.

2020-ൽ 579 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ ഉണ്ടായിരിക്കണമെന്ന് 2009-ൽ HSE കണക്കാക്കിയിരുന്നു.
2018-ൽ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2021-ഓടെ 430 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ അയർലണ്ടിലെ ആശുപത്രികളിൽ ഉണ്ടാകണമെന്നും റിപ്പോർട്ട്‌ ചെയ്തതായി കത്തിൽ പറയുന്നു.

Share this news

Leave a Reply

%d bloggers like this: