ചുടുചുംബനങ്ങളെ വിട… ഒരു മാസ്‌ക് അപാരത (സെബി സെബാസ്റ്റ്യൻ)

പുതിയ പോർക്കളങ്ങൾ തീർത്ത് ലക്ഷങ്ങളെ കൊന്നൊടുക്കി  കൊറോണയുടെ താണ്ഡവം തുടരുകയാണ് . ഈ വൈറസ് ഉടനെയൊന്നും പിൻവാങ്ങുന്ന ലക്ഷണം കാണാനുമില്ല.  അതുകൊണ്ടു  മനുഷ്യരുടെ ജീവിതശൈലിയിൽ കൊറോണാനന്തരകാലത്തു മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു .അടുത്ത അധ്യയന വർഷം  മുതൽ സ്കൂളുകൾ തുറക്കുമ്പോൾ  കുട്ടികൾ മാസ്ക് ധരിക്കേണ്ടിവരുമെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി ശ്രീമതി  ശൈലജ ടീച്ചർ പറഞ്ഞു കഴിഞ്ഞു.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കു ഇപ്പോൾ തന്നെ ഫൈൻ  നിലവിലുണ്ട്. ചുരുക്കം പറഞ്ഞാൽ ഭക്ഷണവും, വായുവും, ജലവും പോലെ  മാസ്ക് മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യവസ്തുവായി മാറാൻ പോകുകയാണ് .അടിവസ്ത്രമില്ലാതെ  പുറത്തിറങ്ങിയാലും  കുഴപ്പമില്ല, പക്ഷെ മാസ്ക് ഇല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പോലീസ് പിടിക്കും ,ഫൈൻ  അടക്കേണ്ടി വരും, ചിലപ്പോൾ ജയിലിലും കിടക്കേണ്ടി വരും !!അപ്പോൾ മാസ്ക്കിന്റെ മഹത്വവും  ,പ്രാധാന്യവും മനസ്സിലായില്ലേ . 

             ഇനിമുതൽ സിനിമകൾ എങ്ങനെയായിരിക്കുമെന്നു   ആലോചിചിട്ടുണ്ടോ ?എല്ലാ നടന്മാരും നടിമാരും മാസ്ക്  ധരിച്ചു അഭിനയിക്കുന്നു .മാസ്ക് ഇല്ലാതെയുള്ള രംഗങ്ങൾക്കു സെൻസർ ബോർഡ് കത്രിക വക്കും .മാത്രമല്ല പൊതുസ്ഥലത്തു മാസ്ക് വയ്ക്കാതെ ഫിലിം ഷൂട്ട് ചെയ്തതിനു പിഴ വേറെ വരും .പുകവലി മദ്യപാന  രംഗങ്ങളിൽ ആരോഗ്യത്തിനു ഹാനികരമാണ്എന്ന്  എഴുതികാണിക്കാറുണ്ട് .ഹെൽമെറ്റ്‌ ധരിക്കണമെന്നു ചില രംഗങ്ങളിൽ എഴുതികാണിക്കാറുണ്ട് .എല്ലാവരും  മാസ്ക് വച്ചു അഭിനയിക്കുമ്പോൾ ഇവരുടെ സംഭാഷണം അവ്യക്തമാകില്ലേ എന്ന ശങ്ക ഇല്ലാതില്ല. പിന്നെ ചുംബനരംഗങ്ങളുടെ കാര്യം പറയാനെ  ഇല്ല , അതെല്ലാം കട്ടപൊകയായി.. !!

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെ നായകനും നായികയും അടുത്തു വന്നാൽ തന്നെ പണി കിട്ടും ,അപ്പോഴാണ് ചുംബനം ..!എല്ലാവരും തുണിയെടുത്തു സിനിമയിൽ അഭിനയിക്കുന്ന പോലെ മാസ്ക് ധരിച്ചു അഭിനയിക്കുന്നു  എന്ന് മനുഷ്യർക്ക് ബോധ്യപ്പെടാൻ എത്രകാലം എടുക്കുമെന്നെ അറിയാനുള്ളൂ .അത്രെയേ ഉള്ളു കാര്യം .കാര്യം നിസ്സാരം , പക്ഷെ പ്രശ്നം ഗുരുതരമാണ് .
                          മാസ്ക് ധരിച്ചു ഫു ട്ബാൾ കളിക്കുന്നവർ ,മാസ്ക് ധരിച്ചു യുദ്ധം ചെയ്യുന്ന പട്ടാളക്കാർ ,മാസ്ക് ധരിക്കുന്ന ഓട്ടക്കാർ ,ചാട്ടക്കാർ എങ്ങും മാസ്ക് മയം  ..! ഒരു മാസ്ക് പരമാവധി ആറ്   മണിക്കൂർ വരെ മാത്രമേ ധരിക്കാവൂ .ആയതിനാൽ ഒരാൾക്ക് ഒരു ദിവസം തന്നെ ഒന്നിലധികം  മാസ്കുകൾ   വേണ്ടി വരും .ഉണ്ണിയെക്കണ്ടാൽ അറിയാം  ഊരിലെ പഞ്ഞം എന്ന് പറയുന്ന പോലെ ചിലർ ധരിച്ചിരിക്കുന്ന മാസ്ക് കണ്ടാൽ  ആളിനെ അറിയാൻ കഴിയും  .അയാൾ  മാസ്കും, അതുപോലെ ധരിച്ചിരിക്കുന്ന പലതും മാറിയിട്ട് എത്രദിവസങ്ങളായെന്നു !       

എന്തായാലും മാസ്കിന്റെ ഉത്പാദനവും  വിതരണവും ആരംഭിക്കുന്നവർക്കു വേഗം തന്നെ കോടീശ്വരനാകാം  .ലോകത്തിലെ പ്രധാന നഗരങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള ഇന്റർനാഷണൽ ബിസിനസ് കാരൻ ആവാൻ പറ്റിയ അവസരം .പല ഡിസൈ നിൽ, പല വർണങ്ങളിൽ ,പലതരത്തിലുള്ള മാസ്കുകൾ ഇനി ഫാഷൻ ആകാൻ പോകുകയാണ് .രണ്ടു ചെവിയിലും വള്ളികൾ പിടിപ്പിക്കുന്നതിനു പകരമായി പുതിയ രീതിയിൽ രൂപകല്പന ചെയുന്നവർക്കുള്ളതാണ് ഈ പുതിയ  ബിസ്സിനെസ്സ് ലോകം. ഇനിയുള്ള കാലം മനുഷ്യന്റെ വസ്ത്രസങ്കല്പങ്ങൾ മുഴുവൻ തീരുമാനിക്കുന്നതും , നിയന്ത്രിക്കുന്നതും മാസ്‌കുകളായിരിക്കും . മാസ്കിനു വേണ്ടി മാത്രമുള്ള ഷോറുമുകൾ പട്ടണങ്ങളിൽ ഉയർന്നു വരും.

           മേക്കപ്പിന്റെയും പ്രത്യേകിച്ച് ലിപ്സ്റ്റിക്കിന്റെയും പ്രസക്തി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ  പോകുകയാണ്. ലിപ്സ്റ്റിക് വിൽക്കുന്ന കടകൾ മാസ്ക് വിൽക്കുന്നവയായി രൂപാന്തരം പ്രാപിക്കും  .സ്ത്രീകൾക്ക് പിങ്ക്  കളർ മാസ്ക് ,പുരുഷന്മാർക്ക് ബ്ലൂകളർ  മാസ്ക് തുടങ്ങിയ അലിഖിത നിയമങ്ങളുമായി ചിലർ വരും .ഏഴ് വർണങ്ങൾ ഉള്ള മഴവിൽ മാസ്ക് ധരിച്ചു മറ്റുചിലർ അവർക്കു ഉചിതമായ മറുപടികൊടുക്കും  .      

ജനിച്ചു വീഴുന്ന ഒരു മനുഷ്യകുഞ്ഞിനു  എന്ന് മുതൽ മാസ്ക് ധരിപ്പിച്ചു തുടങ്ങണം എന്നത് സർക്കാരുകൾ ചിന്തിക്കേണ്ട വിഷയമാണ് .ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മാത്രം മാറ്റുന്ന മാസ്കുകൾ .തലമുറകൾ കഴിയുമ്പോൾ സൂര്യപ്രകാശമേൽക്കാതെ  മനുഷ്യരുടെ വായ്ഭാഗത്തു നിറവ്യതിയാനങ്ങൾ വരാം .ഷൂസും , വാച്ചും ,ഫോണും, കാറും പോലെ ധരിച്ചിരിക്കുന്ന മാസ്ക് നോക്കി അപ്പർ ക്ലാസും, മിഡിൽ  ക്ലാസും, ലോവ ർ ക്ലാസ്സും തീരുമാനിക്കപെടും. 

           മാസ്കിലൂടെ അധ്യാപകർ “ശരീരം” എന്ന് പറഞ്ഞാൽ കുട്ടികൾ “രാരീരം” എന്ന് കേട്ടാൽ അധ്യാപനം ത്രിശങ്കുവിലാകും .പണ്ട് സ്കൂളിലിൽ പഠിക്കുമ്പോൾ ഹിന്ദി പഠിപ്പിക്കുന്ന ഒരു മാഷ് ഉണ്ടായിരുന്നു . ഒരു നീണ്ട ചൂരൽ മാത്രം കൈയ്യിൽ കരുതിയാണ് ഈ ഹിന്ദി  മാഷ് ക്ളാസിലേക്ക് വരുന്നത് . എന്തെങ്കിലും  പുസ്തകമോ, ഒരു ചോക്കിന്റെ  കഷണം പോലുമോ  കൈയ്യിൽ ഉണ്ടാകില്ല. ചൂരലാണ്   ആകെയുള്ള പണിയായുധം. !!.  ഈ മാഷിന്റെ  ക്ലാസ്സിലേക്കുള്ള വരവ് കണ്ടാൽ, സ്‌കൂളിൽ വരുന്നതും സർക്കാർ ശമ്പളം തരുന്നതും കുട്ടികളെ തല്ലാനാണെന്നു തോന്നും..!
ക്‌ളാസിൽ വരുന്നപാടേ മുൻബെഞ്ചി ൽ തന്നെ യിരിക്കുന്ന   എന്റെ ഹിന്ദിപുസ്തകം   വാങ്ങും .അന്നത്തെ പാഠഭാഗം പഠിപ്പിച്ചു മലയാളത്തിൽ അർത്ഥവും പറഞ്ഞു 40 മിനിട്ടിനു ശേഷം ആ പീരീഡ് തീരുമ്പോൾ പുസ്തകം എനിക്ക് തിരിച്ചു തരും .അപ്പോൾ ആ പേജിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ഹിന്ദിമാഷിന്റെ തുപ്പൽ തുള്ളികൾ ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ഓക്കാനം വരും . അത്തരം മാഷുമ്മാർക്ക് മാസ്ക് നിർബന്ധമായും കൊടുക്കണം . അന്നൊക്കെ കൊറോണ വൈറസ് ഇല്ലാതിരുന്നതുകൊണ്ടു ഈയുള്ളവൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു .!!

  ഏതായാലും  പരദൂഷണങ്ങൾക്ക്  വലിയ തോതിൽ കുറവ് വരും.  വഴിയിൽ വച്ചു  രണ്ടാളുകൾ പരസ്പരം കണ്ടു മുട്ടിയാൽ ഈ മാസ്കിനുള്ളിലൂടെ മറ്റൊരാളുടെ കുറ്റം പറയാൻ ഒരു മൂഡും  ഉണ്ടാകില്ല  .പണ്ട് മനുഷ്യർ കാലികൾക്കു മാസ്ക് വച്ചുകൊടുത്തു പാടത്തും പറമ്പിലും ജോലി ചെയ്യിപ്പിക്കാറുണ്ടായിരുന്നു . ഇന്ന് ഒരു വൈറസ് മനുഷ്യരെ മാസ്ക് ധരിപ്പിച്ചു പണിക്കു ഇറക്കുന്നു  . അതാണ് പറയുന്നത് കൊടുക്കുന്നതൊന്നും തിരിച്ചു കിട്ടാതിരിക്കില്ല …!!

മാസ്കായ നമ: ..!
മാസ്കെ ശരണം ..!
മാഷാ  മാസ്കാ   ..!


പരിശുദ്ധ മാസ്കെ ഞങ്ങളെ കാത്തു രക്ഷിക്കണമേ.. !!

ചുംബനം നൽകിയ  ചുണ്ടുകളെ, വിടനൽകിയാലും…. ( കടപ്പാട് പത്മരാജൻ ) 

Share this news

Leave a Reply

%d bloggers like this: