ഗർഭിണിയായ യുവതിയെ നാടുകടത്താൻ സർക്കാർ തീരുമാനം : ചോദ്യം ചെയ്ത് ഹൈക്കോടതി

ഗർഭിണിയായ യുവതിയെ നാടുകടത്താനുള്ള അയർലൻഡ് സർക്കാരിന്റെ ശ്രമം വിഫലമാകുന്നു. ഐറിഷ് പൗരനായ പ്രതിശ്രുത വരനോടൊപ്പമാണ് യുവതി താമസിക്കുന്നത്. അംഗോള സ്വദേശിനിയാണ് ഗർഭിണിയായ യുവതി.

യുവതിക്ക് ഇതുവരെയും സർക്കാർ അഭയം നൽകിയിരുന്നില്ല. കഴിഞ്ഞ മാസമാണ് യുവതിയെ നാടുകടത്താൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിച്ചു. ഗർഭിണിയായ സ്ത്രീക്കും ഐറിഷ് പൗരനും അനുകൂലമായാണ് കോടതി പ്രതികരിച്ചത്.

യുവതിയെ നാടുകടത്തിയാൽ കുട്ടിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ വാദിച്ചു. ഈ വർഷാവസാനത്തിനുമുമ്പ് കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.

വർഷങ്ങൾക്ക് മുമ്പ് ദമ്പതികൾ അയർലണ്ടിൽ വച്ച് കണ്ടുമുട്ടുകയും വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും ചെയ്യുകയാണ്. ഒരു വർഷം മുമ്പ് വിവാഹനിശ്ചയം നടത്തുകയു ചെയ്തു. കോവിഡ് 19 നിയന്ത്രണങ്ങൾക്കനുസൃതമായി  ഇരുവരും ഉടൻ വിവാഹിതരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നാടുകടത്തൽ നടപ്പാക്കുന്നതിലൂടെ സംഭവിക്കാൻ പോകുന്നത് പിഞ്ചു കുഞ്ഞിന്റെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ നിയമങ്ങളുടെ ലംഘനമാണ് സർക്കാരിന്റെ തീരുമാനം നടപ്പായാൽ സംഭവിക്കുക. വർഷങ്ങൾക്കുമുമ്പ് തന്നെ രാജ്യത്ത് എത്തിയ യുവതിയുടെ സംരക്ഷണത്തിനുള്ള അപേക്ഷയും ഇതിനോടകം നിരസിക്കെപ്പെട്ടിരുന്നു.

അംഗോളയിലേക്ക് മടങ്ങി പോകാൻ സാധിക്കില്ലെന്നും, അതിനുള്ള കാരണവും യുവതി കോടതിയെ അറിയിച്ചു. പങ്കാളിയുടെ പിന്തുണ ആവശ്യമുള്ള വ്യക്തിയാണ് യുവതിയെന്നും കോടതിയെ ബോധ്യപ്പെടുത്തി. പിതാവിന് അംഗോളയിലേക്ക് പോകാൻ കഴിയില്ല. അയർലണ്ടിലാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും മുൻ ബന്ധത്തിൽ ഉള്ള കുട്ടികളുടെ സംരക്ഷണം അയാളുടെ കടമയാണെന്നും അഭിഭാഷകൻ പറഞ്ഞു.

വാദം കേട്ട ജസ്റ്റിസ് ചാൾസ് മീനൻ  സർക്കാരിന്റെ നടപടിക്കെതിരെ പോരാടാനുള്ള അനുവാദം യുവതിക്ക് നൽകി. യുവതിയുടെ വിഷയത്തിൽ  സർക്കാരിന് കോടതി നോട്ടീസ് നൽകുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കോടതി അടുത്ത മാസം കേൾക്കും. അതുവരെ യുവതിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട യാതൊരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കോടതി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: