മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കേരളത്തിൽ സർക്കാർ കൈത്താങ്ങ്; ജിംനേഷ്യം മുതൽ ഐടി സ്റ്റാർട്ടപ്പ് വരെ തുടങ്ങാൻ സഹായം

കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ നിരവധിയാണ്. ഇവർക്ക് സംരംഭം തുടങ്ങാൻ സഹായിക്കുന്ന കേരള സർക്കാർ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 4897 പേർ. സഹായം നൽകുന്ന നോർക്കയുടെ എൻഡിപ്രേം പദ്ധതിയിൽ ആറു മാസത്തിനിടെ രജിസ്റ്റർ ചെയ്‌തവരുടെ കണക്കാണിത്‌. കഴിഞ്ഞവർഷം 1043 പേർ മാത്രമാണ്‌ രജിസ്റ്റർചെയ്തത്‌.

ടാക്‌സി സർവീസ് തുടങ്ങിയവയിലാണ് മുമ്പ് കൂടുതൽപേർ താൽപ്പര്യം കാട്ടിയതെങ്കിൽ ഇപ്പോൾ റസ്‌റ്റോറന്റ്, ബേക്കറി, വർക്‌ഷോപ്‌, ഓയിൽ മിൽ, കറിപൗഡർ നിർമാണം, സുഗന്ധവ്യഞ്ജന യൂണിറ്റുകൾ, ചപ്പാത്തി നിർമാണം, കൃഷി ഫാമുകൾ, സ്‌പോർട്‌സ് ഹബ്‌, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്‌. എൻഡിപ്രേം പദ്ധതിയിൽ അരക്കോടിവരെ പ്രവാസികൾക്ക്‌ വായ്‌പ നൽകും. നേരത്തെ ഇത്‌ 30 ലക്ഷമായിരുന്നു. നോർക്ക സബ്‌സിഡി 15 ശതമാനത്തിൽനിന്ന് 20 ശതമാനമാക്കും.

പദ്ധതിക്കായി 18 കോടിയാണ് ബജറ്റിൽ അനുവദിച്ചത്. ഇത് 40 കോടിയായി ഉയർത്തും. സംസ്ഥാനത്തെ 18 ധനസ്ഥാപനമാണ്‌ പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വർഷം 5000 പ്രവാസികൾക്ക് സഹായം നൽകുമെന്ന്‌ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ പറഞ്ഞു.

ഐടി സ്റ്റാർട്ടപ്പും തുടങ്ങാം

പ്രവാസികൾക്ക് ഐടിമേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും സഹായം  നൽകും.  ഡ്രീം കേരള പദ്ധതിയിൽ പ്രവാസികൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്. 3000 പേർ രജിസ്റ്റർ ചെയ്തു. 70 തൊഴിൽദായകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാസികൾക്ക് സൂപ്പർ മാർക്കറ്റ്‌ തുടങ്ങാൻ സപ്ലൈകോയുമായി ചേർന്ന്‌ നോർക്ക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌.

അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസി സൊസൈറ്റികൾക്ക് മൂന്നുലക്ഷം രൂപവരെ നോർക്ക സഹായം നൽകും. ഈ വർഷം 60 സൊസൈറ്റിക്ക്‌ സഹായം നൽകും. എല്ലാ പഞ്ചായത്തിലും പ്രവാസി അപ്പക്‌സ് സൊസൈറ്റികളും ആരംഭിക്കും. പത്തുപേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭം ആരംഭിക്കണമെന്നാണ് വ്യവസ്ഥ.

മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായുള്ള നോർക്കയുടെ കരാർ പ്രകാരം 5000 ഔട്ട്‌ലെറ്റ്‌ ആരംഭിക്കാനാകും. കോവിഡ്കാലം കഴിഞ്ഞാൽ വായ്‌പാമേളകളും നോർക്ക ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: