183 തവണ കുത്തി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഇരുപത് വയസ്സുകാരന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി

അതിക്രൂരമായ ആക്രമണത്തിന് ഇരയായി ഡബ്ലിനിൽ മരിച്ച യുവാവിന് നീതിലഭിക്കുന്നു. ഭവനരഹിതനായ യുവാവിനെ മരണത്തിലേക്ക് നയിച്ച ആക്രമണകാരിക്ക് കോടതി നിർബന്ധിത ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു.

183 കുത്ത് കുത്തിയാണ് പ്രതി സെറിബ്രൽ പക്ഷാഘാതം ബാധിച്ച യുവാവിനെ കൊലപ്പെടുത്തിയത്. 2018 ജൂൺ 23-ന് ടല്ലാഗിലെ ജോബ്‌സ്റ്റൗൺ പാർക്കിലെ ബട്‌ലർ പാർക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദം മൾ‌ഡൂൺ എന്ന 23-കാരനെ ഡബ്ലിൻ 24 ഗ്ലെൻഷെയ്ൻ ഡ്രൈവിലെ ഫിലിപ്പ് ഡൻ‌ബാർ (20) കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലുകളിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. കേന്ദ്ര ക്രിമിനൽ കോടതിയിൽ ആറ് ആഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി ശിക്ഷ നടപടികളെക്കുറിച്ച് ആലോചിച്ചത്.

കൊലപാതകം ചെയ്യാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ലഹരിയുടെ ആധിക്യത്തിലല്ല ഇയാൾ കുറ്റം ചെയ്തതെന്നും ഡൻ‌ബാറിന്റെ അഭിഭാഷകർ വാദിച്ചു.

ഇരക്ക് കുത്തേറ്റത് തനിക്ക് അറിയാമെന്നും എന്നാൽ അതിനു മുൻപായി മദ്യവും ഗുളികകളും കഴിച്ചതായി ഓർമയില്ലെന്നും ഡൻബാർ ഗാർഡയോട് പറഞ്ഞു. താൻ ഗുളികകൾക്ക് അടിമയാണെന്നും മൾഡൂണിനെതിരായ ആക്രമണത്തിന് മാസങ്ങൾക്കു മുൻപുതന്നെ ഇത് ആരംഭിച്ചിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു.

എന്നാൽ 11അംഗ ജൂറിബെഞ്ച് ഇയാളുടെ വാദം നിരസിച്ചു. മൂന്ന് മണിക്കൂറുകൾ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ജൂറിബെഞ്ച് ഏകകണ്ഠമായ കുറ്റവിധി പുറപ്പെടുവിച്ചത്.

മുൾഡൂണിന്റെ കുടുംബാംഗങ്ങൾ കണ്ണീരോടെ കോടതിയിൽ വിധികേൾക്കാനായി ഉണ്ടായിരുന്നു. വിധി പുറത്തുവന്ന ഉടൻ തന്നെ ഡൻ‌ബറിനെ സെല്ലിലേക്ക് കൊണ്ടുപോയി. ഡൻ‌ബറിനെതിരെ മുൾഡൂണിന്റെ കുടുംബാംഗങ്ങൾ ആക്രോശിക്കുന്നതും കോടതി വരാന്തയിലെ കാഴ്ചയായി.

ഈ വെള്ളിയാഴ്ച പ്രതി നിർബന്ധിത ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടും. അന്ന് മൾ‌ഡൂണിന്റെ കുടുംബാംഗങ്ങൾക്ക് കോടതിയിൽ സംസാരിക്കാൻ അവസരം ലഭിക്കും.

Share this news

Leave a Reply

%d bloggers like this: