അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ടിക് ടോക്ക്

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഐറിഷ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് ടിക്ടോക്ക്. ചൈനീസ് വീഡിയോ ഷെയറിംഗ് അപ്ലിക്കേഷനായ ടിക്ടോക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇരുന്നൂറോളം പുതിയ തൊഴിലവസരങ്ങൾ അയർലണ്ടിൽ സൃഷ്ടിക്കും.

നിലവിൽ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ടിക്ടോക്കിന്റെ ഓപ്പറേഷൻ ടീമിൽ 900 ഓളം ജീവനക്കാരുണ്ട്. 2021-ന്റെ തുടക്കത്തിൽ ജീവനക്കാരുടെ എണ്ണം 1,100 ആയി വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

കമ്പനിയുടെ യൂറോപ്പ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഹബ്ബിന്റെ പ്രവർത്തനം ഈ വർഷം ആദ്യം ഡബ്ലിനിൽ ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. ആപ്ലിക്കേഷന്റെ വിശ്വാസ്യത, സുരക്ഷ, ഡാറ്റ സ്വകാര്യത, പരിരക്ഷണം, വാണിജ്യം തുടങ്ങിയ തലങ്ങളിലെ പ്രവർത്തനങ്ങൾക്കാകും പുതിയ സ്റ്റാഫുകളെ നിയമിക്കുക.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ അയർലണ്ടിൽ ടിക്ക്ടോക്കിന്റെ യൂറോപ്യൻ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ യൂറോപ്പിലെ ആദ്യ ഡാറ്റാ സെന്റർ 420 മില്യൺ യൂറോ ചിലവിൽ 2022 ഓടെ പ്രവർത്തനമാരംഭിക്കും. ഇത് ടിക് ടോക്കും അയർലണ്ടും തമ്മിലുള്ള ദീർഘകാല പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ഈ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. കൂടാതെ ഇത് അതിശയകരമായ ഒരു വിജയഗാഥയാണെന്നും അദ്ദേഗം പ്രശംസിച്ചു.

ഉയർന്ന ഡാറ്റാ പരിരക്ഷണ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ച് ആളുകൾക്ക് സുരക്ഷിതമായി ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കങ്ങൾ ലക്ഷ്യമിടുന്നതെന്നും മാർട്ടിൻ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ടിക് ടോക്കിന്റെ യൂറോപ്യൻ ആഗോള പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി അയർലൻഡ് മാറിയിരിക്കുകയാണെന്ന് ടിക് ടോക്കിന്റെ ഇടക്കാല മേധാവി വനേസ പപ്പാസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: