അയര്‍ലണ്ടില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന വാടകവീടുകള്‍ നിര്‍മ്മിക്കാന്‍ 35 മില്യണ്‍ യൂറോ അനുവദിച്ചു; ചെലവ് വാടകയിനത്തില്‍ പണം ഈടാക്കും

അയര്‍ലണ്ടില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന വാടക വീടുകളുടെ നിര്‍മ്മാണത്തിനായി 35 മില്യണ്‍ യൂറോ അനുവദിച്ചതായി പാര്‍പ്പിട വകുപ്പ് മന്ത്രി Darragh O’Brien. Cost rental എന്ന പേരിലറിയപ്പെടുന്ന ഈ വീടുകളുടെ നിര്‍മ്മാണച്ചെലവ് നിര്‍മ്മാണത്തിന് ശേഷം ജനങ്ങള്‍ നല്‍കുന്ന വാടകയില്‍ നിന്നുമാണ് ഈടാക്കുക. സ്വന്തമായി വീട് വാങ്ങാനോ, വലിയ വാടക നല്‍കാനോ കഴിവില്ലാത്തവര്‍ക്ക് വലിയ ആശ്വാസമാകും പദ്ധതി. അംഗീകൃത കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മാണച്ചുമതല നല്‍കുന്ന പദ്ധതി 2021 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

പദ്ധതി പ്രകാരം നിലവിലെ വാടകയില്‍ നിന്നും 25% എങ്കിലും കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഡബ്ലിനില്‍ ഏകദേശം 1,500 യൂറോയ്ക്ക് രണ്ട് ബെഡ്‌റൂം വീട് വാടകയ്ക്ക് ലഭ്യമാകും.

ഹൗസിങ് ഓര്‍ഗനൈസേഷനുകളായ Cluid, Respond, Tuath എന്നിവയ്ക്ക് 20 വീടുകള്‍ വീതം വാങ്ങാന്‍ കഴിയുമെന്നും കരുതപ്പെടുന്നു.

Cost Rental Equity Loan (CREL) പ്രകാരം 35 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ നല്‍കുക. പര്‍ച്ചേയ്‌സ് പ്രൈസിന്റെ 30% വരെയുള്ള ലോണാണ് ഇത്. പലിശനിരക്ക് വളരെ കുറവായ ഈ ലോണിന് 40 വര്‍ഷം വരെ തിരിച്ചടവും ഇല്ല. നിര്‍മ്മാണത്തിന് താല്‍പര്യമുള്ള കമ്പനികളില്‍ നിന്നും മന്ത്രി പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.

ഡബ്ലിന്‍ കൗണ്ടിയിലെ Stepaside-ന് സമീപത്തെ Enniskerry Road-ല്‍ 400 വീടുകള്‍ നിര്‍മ്മിച്ച് ശരാശരി 1,200 യൂറോ മാസവാടകയ്ക്ക് നല്‍കാനാണ് പദ്ധതി. ഒപ്പം ഡബ്ലിന്‍ സൗത്തിലെ Inchicore-യിലെ St Michael’s Estate-ല്‍ നിര്‍മ്മിക്കുന്ന 400 വീടുകള്‍ മാസം 1,300 യൂറോ മാസവാടകയ്ക്കും ലഭ്യമാക്കും. എന്നിരുന്നാലും സര്‍വീസ് സൈറ്റ് ഫണ്ട് ഗ്രാന്റുകള്‍, കുറഞ്ഞ ഫിനാന്‍സ് എന്നിവ കൂടിയാകുമ്പോള്‍ 900 യൂറോയ്ക്ക് ഈ വീടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: