അയര്‍ലണ്ടിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഡിസംബര്‍ 30ന് അവസാനിക്കാന്‍ സാധ്യത; രാജ്യാന്ത സഞ്ചാരം ജനുവരി 6 വരെ മാത്രം

കോവിഡ്-19ന്റെ വ്യാപനം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നിലവില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പിന്‍വലിക്കാനുള്ള നീക്കവുമായി ഐറിഷ് സര്‍ക്കാര്‍.ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലാണ് അന്തിമ തീരുമാനമെടുക്കൂകയെങ്കിലും ക്രിസ്മസ് പ്രമാണിച്ച് കടകള്‍, പബ്ബുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാനും, ജനങ്ങള്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും നല്‍കിയ ഇളവുകള്‍ ഡിസംബര്‍ 30ഓടെ പിന്‍വലിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

National Public Health Emergency Team (Nphet)-ന്റെ ഉപദേശം സ്വീകരിച്ചാണ് സര്‍ക്കാര്‍ നടപടി. അതേസമയം ക്രിസ്മസിന് തൊട്ടുപുറകെ രാജ്യാന്തരയാത്ര വിലക്കണമെന്ന Nphet നിര്‍ദ്ദേശം തള്ളിയ സര്‍ക്കാര്‍ ജനുവരി 6 വരെ ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. റസ്റ്ററന്റുകള്‍ക്ക് പാഴ്‌സല്‍ നല്‍കാനും ഇളവുണ്ട്.

ഡിസംബര്‍ 30 മുതല്‍ ഒരു വീട്ടില്‍ നിന്ന് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ കഴിയൂ. നിലവില്‍ ഇത് രണ്ടാണ്. പുതുവത്സരാഘോഷത്തിനായി ആളുകള്‍ കൂട്ടംകൂടിയേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്. പുതിയ നിയന്ത്രണങ്ങളെ ‘Level 3 Plus’ നിയന്ത്രണമെന്നാണ് Nphet വിശേഷിപ്പിക്കുന്നത്.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചതായാണ് Nphet-യുടെ ആശങ്ക. ഇത്തവണ കൂടുതലായും ചെറുപ്പക്കാരെയാണ് രോഗം ബാധിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് ആളുകള്‍ അടുത്തിടപഴകുന്നത് രോഗം കൂടുതല്‍ പേരിലേയ്ക്ക് വ്യാപിക്കാന്‍ വഴിയൊരുക്കുമെന്നും Nphet മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് പുതുതായി 582 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 6 പേര്‍ മരണപ്പെടുകയും ചെയ്തു. അതേസമയം ഇതുവരെ 78,254 പേര്‍ക്കാണ് അയര്‍ലണ്ടില്‍ രോഗബാധിച്ചത്. 2,149 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി.

Level 3 Plus നിയന്ത്രണങ്ങള്‍ ഫെബ്രുവരിയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതുവരെ നീളുമെന്നാണ് കരുതപ്പെടുന്നത്. അടുത്തയാഴ്ചയോടെ കോവിഡ് വാക്‌സിനായ Pfizer അംഗരാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ യൂറോപ്യന്‍ അധികൃതര്‍ അനുമതി നല്‍കാനും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: