പ്രായമായ രോഗികള്‍ക്കായി ലഞ്ച് ബ്രേക്ക് വേണ്ടെന്നുവച്ച സെന്റ് ജെയിംസ് ആശുപത്രി ജീവനക്കാരിക്ക് Lord Mayor അവാര്‍ഡ്

പ്രായമായ രോഗികള്‍ക്കായി ലഞ്ച് ബ്രേക്ക് വേണ്ടെന്നുവച്ച സെന്റ് ജെയിംസ് ആശുപത്രി ജീവനക്കാരി Naimi Chebil-ന് ഈ വര്‍ഷത്തെ Lord Mayor അവാര്‍ഡ്. സെന്റ് ജെയിംസ് ആശുപത്രിയിലെ കാറ്ററിങ് ജീവനക്കാരിയായ Naimi, കഴിഞ്ഞ മൂന്ന് മാസമായി തന്റെ ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം ഉപേക്ഷിച്ച് ഹോളിബ്രൂക്ക് ലോഡ്ജിലെ അന്തേവാസികള്‍ക്കായി കരോക്കെ ഗാനങ്ങള്‍ ആലപിക്കുകയാണ്. സെന്റ് ജെയിംസില്‍ ചികിത്സയ്‌ക്കെത്തുന്ന പ്രായമായവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലമാണ് ഹോളിബ്രൂക്ക് ലോഡ്ജ്. Naimi-യെ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത് സഹപ്രവര്‍ത്തകരാണ്.

‘കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെങ്കിലും, (അവാര്‍ഡ് നേട്ടത്തോടെ) തന്റെ ഈ വര്‍ഷം ധന്യമായി’ എന്നാണ് മേയറായ Hazel Chu-വില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് Naimi പറഞ്ഞത്. താന്‍ ലോകത്തിന്റെ നെറുകയിലെത്തിയ അനുഭവമാണ് ഇതെന്നും അവര്‍ പറഞ്ഞു.

പ്രായമായ പലരും സംസാരിക്കാന്‍ മടിക്കുമെങ്കിലും അവര്‍ പാട്ട് ആസ്വദിക്കാറുണ്ടെന്ന് Naimi സാക്ഷ്യപ്പെടുത്തുന്നു.

മറ്റുള്ളവരുടെ ജീവിതത്തിന് സാര്‍ത്ഥകമായ മാറ്റം വരുത്തുന്നതിന് പരിശ്രമം നടത്തിയതാണ് ഈ അവാര്‍ഡിന് Naimi-യെ അര്‍ഹയാക്കിയതെന്ന് മേയര്‍ Hazel Chu പറഞ്ഞു. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ശില്‍പ്പവും 1,000 യൂറോയുടെ ഗിഫ്റ്റ് വൗച്ചറും അടങ്ങുന്നതാണ് അവാര്‍ഡ്. ശില്‍പ്പിയായ Stephanie Hess തയ്യാറാക്കിയ ശില്‍പ്പം Harecules എന്നാണ് അറിയപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: