ചലച്ചിത്രതാരം അനില്‍ നെടുമങ്ങാടിന് വിട

പ്രമുഖ ചലച്ചിത്ര താരം അനില്‍ പി നെടുമങ്ങാട് മുങ്ങിമരണപ്പെട്ടു. തൊടുപുഴയ്ക്ക് സമീപം മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം സ്ഥലത്തെത്തിയത്. 48 വയസായിരുന്നു.

നാടകരംഗത്ത് പ്രതിഭയറിയിച്ച അനില്‍ നെടുമങ്ങാട് മിനിസ്‌ക്രീനില്‍ സിനിമാസംബന്ധിയായ ഹാസ്യപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമാണ് ബിഗ്‌സ്‌ക്രീനിലെത്തിയത്. തസ്‌കരവീരന്‍ ആണ് ആദ്യ സിനിമ. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിയപ്പെടാതെ പോയെങ്കിലും രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ അനില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സ്വഭാവനടന്മാരിലൊരാളായി പേരെടുത്തു. പിന്നീട് കമ്മട്ടിപ്പാടം, ആമി, കിസ്മത്ത്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പൊറിഞ്ചുമറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സച്ചിയുടെ സംവിധാനത്തില്‍ ഈ വര്‍ഷമാദ്യം പ്രദര്‍ശനത്തിനെത്തിയ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സിഐ സതീഷ് എന്ന കഥാപാത്രമായി ബിജു മേനോനും പ്രിഥ്വിരാജിനുമൊപ്പം മത്സരിച്ച് അഭിനയിച്ച് കൈയടി നേടി.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം.

Share this news

Leave a Reply

%d bloggers like this: