ലഭ്യത കുറഞ്ഞു, വില കൂടി; കോവിഡിലും തളരാതെ അയർലണ്ടിലെ പാര്‍പ്പിട മേഖല

രാജ്യത്തെ മറ്റ് പല മേഖലകളും കോവിഡിന്റെ ആഘാതത്തില്‍ ഉലഞ്ഞെങ്കിലും പാര്‍പ്പിട മേഖല നേട്ടത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. CSO-യുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഭവനവിലയില്‍ ഒക്ടോബര്‍ മാസം 0.5% വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ തുടര്‍ച്ചയായി അഞ്ചാം മാസവും വില ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭവനവില 0.4% കുറഞ്ഞിട്ടുണ്ട് എന്നാണ് CSO പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുള്ള വിപണി വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന് ആധാരം. എന്നാല്‍ ഈ മാസത്തെ കണക്ക് നോക്കിയാല്‍ ഭവനവില വീണ്ടും വര്‍ദ്ധിച്ചിരിക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

കോവിഡ് കാലത്തും വീടുകള്‍ക്ക് ആവശ്യക്കാരേറിയതാണ് മേഖല ചാഞ്ചാട്ടമില്ലാതെ തുടരാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡിനെത്തുടര്‍ന്ന്  Help-to-buy പദ്ധതിയില്‍ പുതിയ ഇളവുകള്‍ നല്‍കിയത് കൂടുതല്‍ പേരെ വീട് വാങ്ങാന്‍ പ്രേരിപ്പിച്ചു. 2020-ല്‍ ആളുകളുടെ പാര്‍പ്പിടസമ്പാദ്യം വര്‍ദ്ധിച്ചതും നേട്ടമായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് mortgage approval നിരക്ക് 24% ആണ് വര്‍ദ്ധിച്ചത്. ഇതില്‍ മിക്കവരും ആദ്യമായി വീട് വാങ്ങുന്നവരുമാണ്.

എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീടുകളുടെ ലഭ്യത കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വിലവര്‍ദ്ധനയ്ക്ക് കാരണമായി. വീടുകളുടെ നിര്‍മ്മാണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് മുന്‍വര്‍ഷത്തെക്കാള്‍ 9% കുറഞ്ഞതായാണ് CSO റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് ബാധ കാരണം രണ്ട് മാസത്തോളം നിര്‍മ്മാണമേഖല സ്തംഭിച്ചത് തിരിച്ചടിയായി. ഈ വര്‍ഷം 19,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. 2019-ല്‍ ഇത് 21,000 ആയിരുന്നു. അതേസമയം നിലവിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ വര്‍ഷം 30,000 വീടുകളെങ്കിലും നിര്‍മ്മിക്കപ്പെടണമെന്നാണ് കണക്ക്.

രാജ്യത്ത് നിര്‍മ്മാണാനുമതി ലഭിക്കുന്ന കാര്യത്തിലും ഏറെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2019-നെ അപേക്ഷിച്ച് 25% അനുമതി അധികം ലഭിച്ചു. ഇതില്‍ ഭൂരിഭാഗവും അപ്പാര്‍ട്ട്‌മെന്റുകളാണ്.

അതേസമയം സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച Home Equity Sharing അടക്കമുള്ള പദ്ധതികള്‍ മേഖലയെ ഇനിയും വളര്‍ച്ചയിലേയ്ക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. പക്ഷേ അടുത്ത കാലത്തൊന്നും ഭവനവില കുറയാന്‍  സാധ്യതയില്ലെന്നും വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: