അയർലണ്ടില്‍ നിയന്ത്രണങ്ങള്‍ കാരണം അടയ്ക്കുന്ന പല കടകളും ഇനി ഒരിക്കലും തുറന്നേക്കില്ല; ആശങ്കയോടെ കച്ചവടക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അവശ്യേതര വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍, പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. അതേസമയം ഇത്തരത്തില്‍ അടച്ചിടുന്ന പല കടകളും ഇനി ഒരിക്കലും തുറന്നേക്കില്ലെന്നാണ് വ്യാപാരികളുടെ ആശങ്ക. പാലിക്കാനാവശ്യപ്പെട്ട എല്ലാ നിബന്ധനകളും മുന്‍കരുതലുകളും കൃത്യമായി പിന്തുടര്‍ന്നിട്ടും സര്‍ക്കാര്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് Retail Excellence തലവനായ Duncan Graham വിമര്‍ശനമുയര്‍ത്തി.

ക്രിസ്മസിനോടനുബന്ധിച്ച് കടകളില്‍ ആളുകളെ കുറയ്ക്കുകയടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവെന്ന് Graham പറഞ്ഞു. നിലവിലെ കോവിഡ് വ്യാപനത്തിന് കടകളിലെ കച്ചവടം കാരണമായിട്ടില്ലെന്നാണ് ഈ ആഴ്ച ആദ്യം ടീഷെക് പറഞ്ഞതെന്നും, പക്ഷേ ഇപ്പോള്‍ നിര്‍ബന്ധമായും കടകള്‍ അടയ്ക്കണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും Graham പറയുന്നു. ഈ വര്‍ഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ പല കടകളും ഇപ്പോള്‍ അടച്ചാല്‍ ഇനി ഒരിക്കലു തുറന്നേക്കില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. വാടക,ടാക്‌സ്,ശമ്പളം എന്നിങ്ങനെയുള്ള ബാധ്യതകളില്‍പ്പെട്ട് കിടക്കുന്ന കച്ചവടക്കാര്‍ സാമ്പത്തികപ്രയാസം അനുഭവിക്കുകയാണെന്നും, കടകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ Graham ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരുമായി അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: