ജനങ്ങളോട് പുറത്തിറങ്ങാതിരിക്കാന്‍ യാചിച്ച് അധികൃതര്‍; രാജ്യത്തെ ടെസ്റ്റിങ് സംവിധാനം അപര്യാപ്തമെന്ന് വിദഗ്ദ്ധര്‍

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ യാചിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ Tony Holohan. ജനങ്ങള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇറങ്ങിനടക്കുന്നുണ്ടെന്നും, അങ്ങനെ ഒരാളില്‍ നിന്നും 20 മുതല്‍ 30 വരെ സമ്പര്‍ക്കരോഗികളാണ് ഉണ്ടാകുന്നതെന്നും പത്രസമ്മേളനത്തിനിടെ Holohan വ്യക്തമാക്കി.

രാജ്യം കടന്നുപോകുന്ന പ്രതികൂല സാഹചര്യത്തെ പറ്റി എല്ലാവര്‍ക്കും അറിവുണ്ടെങ്കിലും പലരും പാര്‍ട്ടികള്‍ക്കും മറ്റ് പരിപാടികള്‍ക്കും പോകുകയാണെന്നും അദ്ദേഹം തുറന്നു വിമര്‍ശിച്ചു. ഇത് രോഗസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗത്തെ അപകടപ്പെടുത്തുന്ന നടപടിയാണ്. സാധ്യതാവിഭാഗത്തിലുള്ള പലരും വാക്‌സിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും, അത് നമുക്കിപ്പോള്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയ്ക്ക് അവര്‍ക്ക് നാം കരുതല്‍ നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് രോഗം ബാധിച്ചാല്‍ വാക്‌സിന്‍ നല്‍കിയാല്‍ പോലും അവര്‍ രക്ഷപ്പെടണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജ്യത്ത് 1,620 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അയര്‍ലണ്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91,779 ആയി. 2,237 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇന്നലെ പോസിറ്റീവായ 9 പേരില്‍ യു.കെയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് സ്‌ട്രെയിന്‍ കണ്ടെത്തുകയും ചെയ്തു.

നിലവില്‍ 490 പേര്‍ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. അടുത്ത 7 മുതല്‍ 10 ദിവസം വരെ രാജ്യം കടുത്ത വ്യാപനഘട്ടത്തിലാണെന്നും, ദിവസം 1,800 രോഗികള്‍ വരെ ഉണ്ടായേക്കുമെന്നുമാണ് കരുതപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ 4,000 കേസുകള്‍ വരെ ഉണ്ടായിരിക്കാമെന്നാണ് NPHET ചീഫ് മോഡലിങ് വിദഗ്ദ്ധനായ പ്രൊഫസര്‍ Philip Nolan പറഞ്ഞത്. ഈ കണക്ക് ഔദ്യോഗികരേഖകളില്‍ എത്തിയില്ലെന്ന് മാത്രം. മൂവായിരമോ നാലായിരമോ പോസിറ്റീവ് കേസുകള്‍ ടെസ്റ്റ് ചെയ്യാന്‍ മാത്രം പ്രാപ്തിയുള്ള സംവിധാനങ്ങള്‍ രാജ്യത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാരണം കൊണ്ടുതന്നെ കോവിഡ് പോസിറ്റീവ് ആകുന്നവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായവര്‍ക്ക് ടെസ്റ്റ് വേണ്ടെന്ന് വയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അധികൃതര്‍. അങ്ങനെ ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ 53,000 പേരെക്കൂടി ഇന്നലെ ടെസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്ന് ഡോക്ടര്‍ Holohan പറഞ്ഞു. നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് 14 ദിവസം ഐസൊലേഷനില്‍ ഇരിക്കാനാവശ്യപ്പെട്ട് ടെക്സ്റ്റ് മെസേജ് അയയ്ക്കുകയാണ് HSE ചെയ്യുന്നത്.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനായി 2,000 ഡോസ് Pfizer/BioNTech വാക്‌സിനുകള്‍ കൗണ്ടി കോര്‍ക്കിലേയ്ക്ക് അയച്ചു. വാരാന്ത്യത്തോടെ ഇവ നല്‍കും. അടുത്ത ആഴ്ചയോടെ രാജ്യത്തെ 15 ആശുപത്രികളിലേയ്ക്കും വാക്‌സിനുകള്‍ എത്തിക്കും. 23 നഴ്‌സിങ് ഹോമുകളിലെ അന്തേവാസികള്‍ക്കും, ജോലിക്കാര്‍ക്കും ഈ ആഴ്ച വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തും. ജനുവരി 11ഓടെ 150ലേറെ നഴ്‌സിങ് ഹോമുകളിലായി ഇത് വിപുലീകരിക്കും.

Share this news

Leave a Reply

%d bloggers like this: