വെടിയേറ്റ് മരിച്ച ജോര്‍ജ്ജ് കവര്‍ച്ചക്കാരനായിരുന്നില്ല; ഗാര്‍ഡയ്‌ക്കെതിരെ രോഷം പുകയുന്നു

ഗാര്‍ഡയുടെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരനായ George Nkencho എന്ന 27കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെസ്റ്റ് ഡബ്ലിനില്‍ രോഷവും പ്രതിഷേധവും പുകയുന്നു. ജോര്‍ജ്ജ് കവര്‍ച്ചാശ്രമം നടത്തിയെന്നും ആക്രമണം നടത്തിയെന്നുമുള്ള പ്രചരണങ്ങള്‍ തള്ളിയ പ്രതിഷേധക്കാര്‍ അദ്ദേഹം  മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയായിരുന്നുവെന്നും വ്യക്തമാക്കി. മാനസികാസ്വാസ്ഥ്യമുള്ള ഒരു വെളുത്ത വര്‍ഗക്കാരനായിരുന്നെങ്കില്‍ ജോര്‍ജ്ജ് കൊല്ലപ്പെടില്ലായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജോര്‍ജ്ജ് Garda Armed Unit-ന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ജോര്‍ജ്ജ് അക്രമിയോ, കുറ്റവാളിയോ ആയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് ഇത് വ്യക്തമായി അറിയാം. കടുത്ത മാനസിക രോഗം അദ്ദേഹത്തെ ബാധിച്ചിരുന്നു- കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പല മാധ്യമങ്ങളും ജോര്‍ജ്ജ് കവര്‍ച്ചക്കാരനാണെന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്.

രാജ്യത്ത് മാനസികാസ്വസ്ഥ്യമുള്ള നിരവധി പേരുമായി ഗാര്‍ഡ ഇടപെടാറുണ്ട്. പക്ഷേ അതൊന്നും കൊലപാതകങ്ങളിലേയ്ക്ക് നയിക്കാറില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം ഗാര്‍ഡ ഓംബുഡ്‌സ്മാനെ കൊണ്ട് അന്വേഷിപ്പിച്ചതുകൊണ്ട് മാത്രം ഒന്നിനും പരിഹാരമാകില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

പ്രദേശത്തെ Igbo വിഭാഗത്തില്‍ പെട്ടയാളായിരുന്നു ജോര്‍ജ്ജ്. ജോര്‍ജ്ജ് ഒരിക്കലും അക്രമസ്വഭാവം കാണിച്ചിരുന്നില്ലെന്നും, പ്രദേശത്തെ ഗാര്‍ഡയ്ക്ക് അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും Igbo വിഭാഗത്തില്‍പ്പെട്ട Greg Umeh പറയുന്നു. വംശീയമായ അധിക്ഷേപം നേരിടുകയോ, കാരണമില്ലാതെ ഉപദ്രവം ഏറ്റുവാങ്ങേണ്ടിവരികയോ ചെയ്യുമെന്ന ഭയം കാരണം (കറുത്തവര്‍ക്കാര്‍) തങ്ങളില്‍ പലരും പുറത്തിറങ്ങാന്‍ പോലും മടിക്കുന്നുവെന്നും Umeh പറയുന്നു. ഇത് ഇവിടെ മാത്രമല്ല, എല്ലായിടത്തം നടക്കുന്നുണ്ട്.

ജോര്‍ജ്ജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് Blanchardstown ഗാര്‍ഡ സ്‌റ്റേഷന്‍, Hartstown എന്നിവിടങ്ങളില്‍ പ്രതിഷേധവുമായി ആളുകള്‍ ഒത്തുകൂടി. പലയിടത്തും പ്രതിഷേധം അക്രമാസക്തമായെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.

Share this news

Leave a Reply

%d bloggers like this: