യു.എന്‍ രക്ഷാസമിതിയിലെ അംഗത്വം: ലോകത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ അയര്‍ലണ്ട്‌

യു.എന്‍ രക്ഷാ സമിതിയിലെ അയര്‍ലണ്ടിന്റെ അംഗത്വം ഐകകണ്‌ഠേന തീരുമാനങ്ങളെടുക്കാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കുമെന്ന് അയര്‍ലണ്ട് വിദേശകാര്യമന്ത്രി Simon Coveney.  അടുത്ത രണ്ട് വര്‍ഷത്തേയ്ക്കാണ് 15 അംഗ താല്‍ക്കാലിക സമിതിയില്‍ അയര്‍ലണ്ടിന്റെ അംഗത്വം.

കാര്യങ്ങള്‍ പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ സഖ്യകക്ഷികള്‍ക്ക് പ്രചോദനകരമായ ഇടപെടലാണ് അയര്‍ലണ്ട് സമിതിയില്‍ നടത്തുകയെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം പ്രത്യേകാധികരമായ ‘veto’ ഉപയോഗിക്കുന്നത് പലപ്പോഴും യു.എന്നിന്റെ തന്നെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുന്നതിനാല്‍, സ്ഥിരാംഗങ്ങള്‍ ഈ അധികാരം ഉപയോഗിക്കുന്നത് പരമാവധി ചെറുക്കാന്‍ അയര്‍ലണ്ട് ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യു.എന്നില്‍ അയര്‍ലണ്ടിന് വിശ്വാസയോഗ്യമായ സ്ഥാനമുണ്ടാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ സുഹൃദ് രാഷ്ട്രങ്ങളോട് വിയോജിക്കുക എന്നതും അതില്‍പ്പെടുമെന്ന് മന്ത്രി Coveney കൂട്ടിച്ചേര്‍ത്തു.

ഇത് നാലാം തവണയാണ് അയര്‍ലണ്ട് യു.എന്‍ രക്ഷാ സമിതിയില്‍ അംഗമാകുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും 15 അംഗ സമിതിയില്‍ 10 താല്‍ക്കാലിക അംഗങ്ങള്‍ മാറി മാറി വരുന്ന രീതിയിലാണ് സമിതിയുടെ പ്രവര്‍ത്തനം. ഇന്ത്യ, കെനിയ, മെക്‌സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് അയര്‍ലണ്ടിനും സമിതിയില്‍ താല്‍ക്കാലിക അംഗത്വം നല്‍കിയത്. ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവരാണ് സ്ഥിരാംഗങ്ങള്‍. നൈജര്‍, ട്യുണീഷ്യ, വിയറ്റ്‌നാം, എസ്റ്റോണിയ, സെന്റ് വിന്‍സന്റ് ആന്‍ഡ് ദി ഗ്രനാഡിന്‍സ് എന്നിവയാണ് മറ്റ് താല്‍ക്കാലിക അംഗങ്ങള്‍. യു.എന്നില്‍ സ്ഥിരമായി അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്ന Geraldine Byrne Nason തന്നെ സമിതിയില്‍ അയര്‍ലണ്ടിന്റെ ശബ്ദമാകും.

അതേസമയം രണ്ട് വര്‍ഷത്തോളം നീണ്ട നയതന്ത്ര ഇടപെടലുകളാണ് അംഗത്വം ലഭിക്കാന്‍ അയര്‍ലണ്ടിനെ സഹായിച്ചത്. അയര്‍ലണ്ടിനൊപ്പം സമിതിയില്‍ അംഗമാകാന്‍ തീവ്രശ്രമം നടത്തിയ കാനഡയെ പിന്തള്ളി അവസാനനിമിഷം അയര്‍ലണ്ട് അംഗത്വം നേടുകയായിരുന്നു.

ലോകത്തിന്റെ പൊതുനന്മ, സുരക്ഷ, സമാധാനം എന്നീ കാര്യങ്ങളില്‍ പദ്ധതി തയ്യാറാക്കലും ഇടപെടലുമാണ് യുഎന്‍ രക്ഷാ സമിതിയുടെ പ്രധാന ഉത്തരവാദിത്തം. അതേസമയം ഈ തീരുമാനങ്ങളില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ തീരുമാനം റദ്ദാക്കാനായി സ്ഥിരാംഗ രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിക്കാം. ഒരു അംഗം വീറ്റോ ചെയ്താല്‍ പോലും തീരുമാനം റദ്ദാകുമെന്നിരിക്കെയാണ് ഈ അധികാരം ചൈന, യുഎസ്, റഷ്യ എന്നീ രാജ്യങ്ങള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുയരുന്നത്.

സമിതിയിലെ സ്ഥിരാംഗമായ യു.എസ് എടുത്ത പലവിരുദ്ധ നിലപാടുകളും ജോ ബൈഡന്‍ യുഎസ് പ്രസിഡന്റാകുന്നതോടെ മാറ്റപ്പെടുമെന്ന പ്രത്യാശയും Coveney പങ്കുവച്ചു. ഇറാനെ ആണവായുധമുണ്ടാക്കുന്നത് വിലക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അയര്‍ലണ്ട് വ്യക്തമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിതിയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ലോകസമാധാനം, സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതലാ പങ്കാളിത്തം അയര്‍ലണ്ടിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സൊമാലിയ, സിറിയ, പ്രശ്‌നബാധിതമായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അതുവഴി ക്ഷേമത്തിനായുള്ള ഇടപെടല്‍ നടത്താമെന്നും കരുതുന്നു.

Share this news

Leave a Reply

%d bloggers like this: