പാവങ്ങൾക്ക് താങ്ങായി പിണറായി സർക്കാരിന്റെ ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഒരുപിടി ജനക്ഷേമ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്. 3 മണിക്കൂര്‍ നീണ്ട റെക്കോര്‍ഡ് ബജറ്റ് പ്രഖ്യാപന പ്രസംഗം കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീണ്ടതാണ്. 27.68 കോടിയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

2021-22ല്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കും. ആരോഗ്യ വകുപ്പില്‍ 4,000 തസ്തിക സൃഷ്ടിയ്ക്കും. 50 ലക്ഷത്തോളം അഭ്യസ്ത വിദ്യര്‍ക്ക് നൈുണ്യ പരിശീലനത്തിനായി പുതിയ പദ്ധതി.

തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിയ്ക്കുന്നതിനായി പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കും.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാന്‍ മാര്‍ഗരേഖ. എല്ലാ വീട്ടിലും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ഉറപ്പാക്കും.

അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി രൂപ അനുവദിയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി. സര്‍വകലാശാലാ വികസനത്തിന് കിഫ്ബിയുമായി ചേര്‍ന്ന് 2000 കോടി രൂപ നല്‍കും. സര്‍ക്കാര്‍ കോളേജുകളുടെ വികനത്തിനായി 56 കോടി രൂപ.

എല്ലാ വിധ ക്ഷേമ പെന്‍ഷനുകളും 100 രൂപ കൂട്ടി 1600 രൂപയാക്കും.

റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണ വില 32 രൂപയാക്കി ഉയര്‍ത്തി. ഭക്ഷ്യ സബ്‌സിഡിയായി 1600 കോടി രൂപ.

ഭക്ഷ്യ കിറ്റ് വിതരണം തുടരും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം 15 രൂപയ്ക്ക് 10 കിലോ അരി.

പ്രീപ്രൈമറി ആയമാരുടെ വേതനം 1000 രൂപ വരെ കൂടും. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും 50 രൂപ വേതനവര്‍ദ്ധന. ജേണലിസ്റ്റ്-നോണ്‍ജേണലിസ്റ്റ് പെന്‍ഷന്‍ തുക ഉയരും. സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറോറിയം 24,000 രൂപയാക്കി ഉയര്‍ത്തി.

അഞ്ച് ലക്ഷം കുടുംബങ്ങളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് 7000 കോടി.

തൊഴിലുറപ്പിന് 100 കോടി രൂപ.

4,530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധരണം പൂര്‍ത്തിയാക്കും. പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ.

2021-22-ല്‍ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കീഴില്‍ 1.5 ലക്ഷം വീടുകള്‍ക്ക് 6000 കോടി. പട്ടിക വര്‍ഗ വിഭാഗങ്ങളിലെ 52,000 പേര്‍ക്ക് വീട് നല്‍കും

20000 പേര്‍ക്ക് ജോലി നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിയ്ക്കും. മൂന്ന് വ്യവസായ ഇടനാഴികള്‍ക്കായി 5000 കോടി രൂപ പണം അനുവദിച്ചു.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് 6952 കോടി രൂപ.

കാന്‍സര്‍ മരുന്നുകള്‍ക്കായി പ്രത്യേക ഉത്പാദന കേന്ദ്രം. വയനാട്ടില്‍ പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ചേര്‍ത്തല മെഡിക്കല്‍ കോളേജ് നവീകരിക്കും.

ആയുര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ. ആര്‍സിസിയ്ക്കായി 71 കോടി രൂപ നീക്കി വയ്ക്കും. ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി രൂപ.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 420 കോടി രൂപ. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും.

പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍. പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തി. നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കും. പ്രവാസികളുടെ തൊഴില്‍ പദ്ധതിയ്ക്ക് 100 കോടി രൂപ. പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപയും തൊഴില്‍ പുനരധിവാസത്തിന് 100 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.

5 വര്‍ഷം മോട്ടോര്‍ വാഹന നികുതി ഇളവ്. സിഎന്‍ജി, എല്‍എന്‍ജി വാറ്റ് നികുതി 5 ശതമാനമായി കുറയ്ക്കും. നിലവില്‍ ഇത്14.5. ശതമാനമാണ്.

വ്യവസായ മേഖലയില്‍ സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ നികുതിയിലും ഇളവ്.

പുതിയ വ്യവസായങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ ഇളവ് നല്‍കും.

Share this news

Leave a Reply

%d bloggers like this: