Beacon Hospital വാക്സിനേഷൻ കേന്ദ്രമാക്കിയതിനെതിരെ Leo Varadkar

ഡബ്ലിനിലെ Beacon Hospital ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രമാക്കി മാറ്റിയതിനെ വിമര്‍ശിച്ച് Tanaiste Leo Varadkar. രാജ്യത്തെ കോവിഡ് രോഗികളെ ചികിത്സിക്കാനായി തങ്ങളുടെ ബെഡ്ഡുകള്‍ സര്‍ക്കാരിന് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്ന് Beacon Hospital അധികൃതര്‍ നേരത്തെ HSE-യെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച Varadkar, ആശുപത്രി വാക്‌സിന്‍ കേന്ദ്രമാക്കിയ നീക്കത്തെ ‘അസാധാരണം’ എന്നും വിശേഷിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അറിവില്ലെന്നും, HSE-യാണ് വാക്‌സിന്‍ കേന്ദ്രങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം ക്രമാതീതമായ വര്‍ദ്ധിക്കുന്ന സാഹര്യത്തില്‍ 30% ബെഡ്ഡുകള്‍ കോവിഡ് ചികിത്സയിക്കായി വിട്ടുനല്‍കാന്‍ HSE രാജ്യത്തെ സ്വകാര്യ ആശുപത്രികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 12 മാസത്തേയ്ക്ക് കരാറില്‍ ഏര്‍പ്പെടാനായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ Beacon Hospital ഈ കരാറില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ചെയ്തത്.

അതേസമയം ഡബ്ലിന്‍ സൗത്ത്, കില്‍ഡെയര്‍, വെസ്റ്റ് വിക്ലോ എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാനായി Beacon Hospital-ല്‍ സംവിധാനമൊരുക്കിയതായി ആശുപത്രി വക്താവ് അറിയിച്ചു. ആശുപത്രിയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭിക്കും. Beacon Hospital അധികൃതരുടെ ഉടമസ്ഥതയിലുള്ള Beacon Hotel-ല്‍ സ്ഥാപിച്ചിരിക്കുന്ന വാക്‌സിനേഷന്‍ സെന്ററില്‍ മണിക്കൂറില്‍ 100 പേര്‍ക്ക് വീതം വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാന്‍ സാധിക്കും. ഇതുവരെ 1,000 HSE പ്രവര്‍ത്തകര്‍ ഇവിടെ നിന്നും കുത്തിവെപ്പ് എടുത്തതായും ആശുപത്രി വക്താവ് പറഞ്ഞു.

രാജ്യം പ്രതിസന്ധിയിലായ ഘട്ടത്തില്‍, അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നായ Beacon Hospital, HSE-യുടെ അഭ്യര്‍ത്ഥന നിരാകരിച്ചതിനെതിരെ ലേബര്‍ നേതാവായ Alan Kelly-യും രംഗത്ത് വന്നു. അതേസമയം മികച്ച സൗകര്യമുള്ളതിനാലാണ് Beacon Hospital-ല്‍ വാക്‌സിനേഷന്‍ സെന്റര്‍ സ്ഥാപിച്ചതെന്ന് HSE തലവന്‍ Paul Reid പറഞ്ഞു.

തങ്ങളുടെ 20% സര്‍ജിക്കല്‍ സൗകര്യങ്ങളും, 50% ICU ബെഡ്ഡുകളും HSE-യുടെ നിര്‍ദ്ദേശപ്രകാരം പൊതുജനങ്ങള്‍ക്കായി  അനുവദിച്ചതായാണ് Beacon Hospital പറയുന്നത്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: