കോവിഡ് പ്രതിസന്ധി;അയർലണ്ടിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കയറ്റുമതി വർദ്ധിച്ചു

കോവിഡ് കാരണം ആരോഗ്യ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ആവശ്യമേറിയതോടെ അയര്‍ലണ്ടില്‍ നിന്നുമുള്ള ആകെ കയറ്റുമതി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. Central Statistics Office (CSO)-ന്റെ കണക്ക് പ്രകാരം നവംബറില്‍ 2 ബില്യണ്‍ യൂറോ കയറ്റുമതി വര്‍ദ്ധിച്ച് 14.4 ബില്യണ്‍ യൂറോയിലെത്തി. 17 ശതമാനം വര്‍ദ്ധനയാണിത്.

2019 നവംബറിനെ അപേക്ഷിച്ച് ആരോഗ്യ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ കയറ്റുമതി 74% വര്‍ദ്ധിച്ചു. 7 ബില്യണോളം യൂറോയുടെ വര്‍ദ്ധനയാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഫാര്‍മ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് അയര്‍ലണ്ട്. Pfizer, Johnson & Johnson, Roche, Novartis, AbbVie എന്നിങ്ങനെ 24 പ്രമുഖ കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

അതേസമയം ആകെ ഇറക്കുമതിയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇറക്കുമതി 21 ശതമാനം വര്‍ദ്ധിച്ച് 8.4 ബില്യണ്‍ യൂറോയിലെത്തിയിട്ടുണ്ട്. ആകാശമാര്‍ഗ്ഗമുള്ള ഇറക്കുമതിക്ക് പുറമെയാണിത്. ആകാശ മാര്‍ഗ്ഗം 6.9 ബില്യണ്‍ യൂറോയുടെ ഇറക്കുമതിയാണ് നവംബറില്‍ നടന്നത്. 2019-നെ അപേക്ഷിച്ച് 16% വര്‍ദ്ധന. മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും 78% വര്‍ദ്ധിച്ച് 1 ബില്യണ്‍ യൂറോയിലെത്തിയിട്ടുണ്ട്.

ബ്രെക്‌സിറ്റ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പായി വലിയ വര്‍ദ്ധനയാണ് ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിലേയ്ക്ക് ആകെ 1.4 ബില്യണ്‍ യൂറോയുടെ കയറ്റുമതി നടന്നതില്‍ 35% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേയ്ക്കായി നവംബര്‍ മാസം 5.9 ബില്യന്റെ കയറ്റുമതി നടത്തി. നവംബറിലെ ആകെ കയറ്റുമതിയുടെ 30 ശതമാനവും യു.എസിലേക്കായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനിലേയ്ക്കുള്ള കയറ്റുമതി 36%.

Share this news

Leave a Reply

%d bloggers like this: