അയർലണ്ടിൽ ലോക്‌ഡൗൺ ഇളവ് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച്ച സർക്കാർ യോഗം ചേരുന്നു; നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യത

അയര്‍ലണ്ടില്‍ നിലവിലുള്ള ലെവല്‍ 5 നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച മന്ത്രിസഭ യോഗം ചേരുന്നു. നേരത്തെ ജനുവരി 31നാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും ജനുവരി 26 ചൊവ്വാഴ്ച തന്നെ യോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കോവിഡ് സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം വരെ നീട്ടിയേക്കാന്‍ യോഗത്തില്‍ ധാരണയാകുമെന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് വരെ നീണ്ടേക്കാമെന്ന് നിയന്ത്രണങ്ങള്‍ ആരംഭിച്ച ക്രിസ്മസ് സമയത്ത് Tanaiste ലിയോ വരേദ്കര്‍ പറഞ്ഞിരുന്നു.

ലോക്ക്ഡൗണ്‍ നീണ്ടേക്കാമെങ്കിലും സ്‌കൂളുകള്‍ ഫെബ്രുവരിയില്‍ തന്നെ തുറക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഫൈനല്‍ എക്‌സാമിനെ പ്രതികൂലമായി ബാധിക്കാമെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. പ്രോജക്ട് വര്‍ക്കുകള്‍, മോഡല്‍ പരീക്ഷകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടില്ലാത്തതിനാല്‍ ഫൈനല്‍ എക്‌സാമിന് പകരം ഇവ കണക്കിലെടുത്ത് ഗ്രേഡ് നല്‍കാനുള്ള തീരുമാനവും പ്രായോഗികമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പല ക്ലാസുകളും ലഭിച്ചിട്ടുമില്ല.

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളും അടുത്ത മാസത്തോടെ തുറക്കാനായേക്കുമെന്നാണ് കരുതപ്പെടുന്നത്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ അവശ്യ ജോലിക്കാരെന്ന വിഭാഗത്തില്‍ പെടുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ Daragh O’Brien നിലപാടെടുത്തിരുന്നു. കോവിഡ് ടെസ്റ്റില്‍ പോസിറ്റീവാകുന്നവരുടെ നിരക്ക് കുറഞ്ഞതും സര്‍ക്കാരിന് ആശ്വാസത്തിന് വകയൊരുക്കിയിട്ടുണ്ട്.

അതേസമയം ഹോസ്പിറ്റാലിറ്റി മേഖല വസന്തകാലം വരെയെങ്കിലും അടഞ്ഞുതന്നെ കിടക്കാനാണ് സാധ്യത. 5 കിലോമീറ്റര്‍ യാത്രാനിയന്ത്രണവും തുടര്‍ന്നേക്കും. മറ്റൊരു വാക്‌സിനായ AstraZeneca-യുടെ ഉപയോഗവും യോഗം ചര്‍ച്ച ചെയ്യും.

Share this news

Leave a Reply

%d bloggers like this: