മലയാളിയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് വിട

മുത്തച്ഛന്‍ കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് വിട. ഏതാനും ദിവസം മുമ്പ് കോവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യം കണ്ണൂരില്‍ വച്ചായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകള്‍ കാരണം കുറച്ചുനാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന് 98 വയസായിരുന്നു.

പ്രശസ്തഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളത്തിലെ അനവധി കഥാപാത്രങ്ങളവതരിപ്പിച്ച് പൊട്ടിച്ചിരിയുണര്‍ത്തി കൈയടി നേടി. കല്യാണരാമനിലെ മുത്തച്ഛന്‍ മലയാളി മനസുകളില്‍ ചിരപ്രതിഷ്ഠ നേടി. അവശതകള്‍ ഏറിയതോടെ കുറേ നാള്‍ മകനോടൊപ്പം എറണാകുളം വടുതലയിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.

ന്യൂമോണിയ ബാധയെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോവിഡ് ബാധിതനാണെന്നറിയുന്നത്. ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനാകുകയും ചെയ്തു. പക്ഷേ വീട്ടിലെത്തിയ ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.

ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്‌സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളിയുടെ സ്വന്തം മുത്തച്ഛനായാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ചന്ദ്രമുഖി, പമ്മല്‍ കെ സംബന്ധം തുടങ്ങിയ തമിഴ് സിനിമകളിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സാധിച്ചു.

Share this news

Leave a Reply

%d bloggers like this: