അയർലണ്ടിൽ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാനുള്ള നീക്കവുമായി സെനറ്റർ Rebecca Moynihan

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അത്യാവശ്യമായ സാനിറ്ററി പാഡുകളടക്കമുള്ളവ അയര്‍ലണ്ടിലെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതിയുമായി സെനറ്റര്‍ Rebecca Moynihan. ലേബര്‍ പാര്‍ട്ടി സെനറ്ററായ Moynihan അവതരിപ്പിക്കുന്ന ബില്‍ പ്രകാരം ആര്‍ത്തവകാല ശുചിത്വത്തിനായി വേണ്ടിവരുന്ന വസ്തുക്കള്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഇവ വാങ്ങാനായി ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ മാറും.

ആര്‍ത്തവകാല ശുചിത്വത്തിനായി അയര്‍ലണ്ടിലെ ജനങ്ങള്‍ വര്‍ഷം 61.39 യൂറോ അധികം ചെലവിടേണ്ടിവരുന്നുവെന്ന് Moynihan പറയുന്നു. വേദനസംഹാരികള്‍, സോപ്പുകള്‍/ക്ലെന്‍സറുകള്‍, ഡോക്ടറെ കാണല്‍, ഗര്‍ഭനിരോധന വസ്തുക്കള്‍ എന്നിവ കൂടിയാകുമ്പോള്‍ ചെലവ് വീണ്ടും വര്‍ദ്ധിക്കുകയാണ്.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലുണ്ടായിരുന്നപ്പോള്‍ ഇത്തരത്തില്‍ താനവതരിപ്പിച്ച പദ്ധതിപ്രകാരം ഈ വര്‍ഷത്തോടെ അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമായിത്തുടങ്ങുമെന്ന് Moynihan പറഞ്ഞു. ഇതേകാര്യം രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് Moynihan-ന്റെ ശ്രമം. ഈ ചെറിയ കാര്യം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും, ഏറെപ്പേര്‍ക്ക് പ്രയോജനകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടോയ്‌ല്റ്റുകളില്‍ സോപ്പും, ടോയ്‌ലറ്റ് റോളും ലഭിക്കുന്നത് പോലെ അടിസ്ഥാന ആര്‍ത്തവ ശുചിത്വത്തിനുള്ള വസ്തുക്കളും ലഭ്യമാകണം. ആര്‍ത്തവം ലജ്ജ തോന്നേണ്ട കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

Plan International Ireland-ന്റെ സര്‍വേ പ്രകാരം ആര്‍ത്തവകാല ഉല്‍പ്പന്നങ്ങളുടെ വില താങ്ങാവുന്നതിലുമപ്പുറമാണെന്ന് അയര്‍ലണ്ടിലെ 50% സ്ത്രീകളും വ്യക്തമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ആദ്യ രാജ്യമായി കഴിഞ്ഞ വര്‍ഷം സ്‌കോട്‌ലണ്ട് മാറിയിരുന്നു.

Share this news

Leave a Reply

%d bloggers like this: