വിദേശത്ത് അവധിയാഘോഷിക്കാൻ പോകുന്നതിനിടെ പിടിക്കപ്പെട്ടാൽ ഇനി 500 യൂറോ പിഴ

വിദേശത്ത് അവധിയാഘോഷിക്കാന്‍ പോകുന്നവര്‍ യാത്രയ്ക്കിടെ പിടിക്കപ്പെട്ടാല്‍ 500 യൂറോ പിഴ ചുമത്താനുള്ള തരത്തില്‍ നിയന്ത്രണത്തില്‍ മാറ്റം വരുത്തി ഐറിഷ് സര്‍ക്കാര്‍. കോവിഡ് വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ അടക്കം സഞ്ചാര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനങ്ങളില്‍ ആദ്യത്തേതാണ് ഇത്.

കൃത്യമായ കാരണങ്ങളില്ലാതെ തുറമുഖങ്ങള്‍ വഴിയോ, എയര്‍പോര്‍ട്ടുകള്‍ വഴിയോ വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നര്‍ക്കുള്ള പിഴ 500 യൂറോ ആക്കി ഉയര്‍ത്തുന്ന വിജ്ഞാപനത്തില്‍ ആരോഗ്യമന്ത്രി Stephen Donnelly കഴിഞ്ഞ ദിവസം ഒപ്പുവച്ചു. നിയന്ത്രണം ഫെബ്രുവരി 1 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. 5 കിലോമീറ്റര്‍ പരിധി വിട്ട് അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കുള്ള പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ നിന്നും 5 കിലോമീറ്റര്‍ പരിധി ലംഘിച്ച് രാജ്യത്തെത്തുന്നവരെ തടയാനായി കൂടുതല്‍ ഗാര്‍ഡ ചെക്ക്‌പോയിന്റുകള്‍ സ്ഥാപിക്കും.

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ച ബ്രസീലും, സൗത്ത് ആഫ്രിക്കയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഹോട്ടല്‍ പോലെയുള്ള സ്ഥലങ്ങളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അയര്‍ലണ്ടിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് യാത്രക്കാര്‍ വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിക്കണം. അര്‍ജന്റീന, ബ്രസീല്‍, ബൊളീവിയ തുടങ്ങി തെക്കേ അമേരിക്കയിലെ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള visa-free travel നിരോധനവും നിലവില്‍ വന്നു. എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 5 വരെ തുടരുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: