അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകളിൽ കോവിഡ് കാരണം ജീവൻ നഷ്ടപ്പെട്ടത് 1543 പേർക്ക്; രോഗം പടരാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് വിമർശനം

അയര്‍ലണ്ടിലെ ആകെ കോവിഡ് മരണങ്ങളില്‍ പകുതിയോളം നഴ്‌സിങ് ഹോമുകളിലാണെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 1,543 പേര്‍ക്കാണ് നഴ്‌സിങ് ഹോമുകളില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 369 പേരും മരണപ്പെട്ടത് ഈ ജനുവരിയിലാണ്. കൂടാതെ കഴിഞ്ഞ മാസം 4,300 നഴ്‌സിങ് ഹോം അന്തേവാസികള്‍ക്ക് കൂടി രോഗം പിടിപെടുകയും ചെയ്തു.

നഴ്‌സിങ് ഹോമുകളില്‍ ഇത്തരത്തില്‍ രോഗം പടരാന്‍ കാരണമായത് സര്‍ക്കാരിന്റെ ശ്രദ്ധക്കുറവാണെന്ന് പല കോണുകളില്‍ നിന്നായി വിമര്‍ശനമുയരുന്നുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം നഴ്‌സിങ് ഹോമുകളില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയപ്പോള്‍ തന്നെ നഴ്‌സിങ് ഹോമുകളില്‍ അവ വിതരണം ചെയ്യാതിരുന്നത് രോഗം പടരാന്‍ കാരണമായതായി Nursing Homes Ireland തലവന്‍ Tadhg Daly പറഞ്ഞു. ആദ്യ തരംഗത്തില്‍ നിന്നു തന്നെ അപകടം മനസിലാക്കി നഴ്‌സിങ് ഹോമുകളില്‍ രോഗം പടരുന്നത് തടയാന്‍ സര്‍ക്കാരിനായില്ലെന്ന് Social Democrats നേതാവായ Roisin Shortall-ഉം വിമര്‍ശനമുന്നയിച്ചു.

കോവിഡിന്റെ ആദ്യ തരംഗം ഉണ്ടായപ്പോള്‍ തന്നെ അതില്‍ നിന്നും പാഠം പഠിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായെന്ന് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായ നഴ്‌സിങ് ഹോം അന്തേവാസി Florence O’Shaughnessy-യുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും അവര്‍ ആരോപിച്ചു. ഡബ്ലിനിലെ Swords-ലുള്ള Tara Winthrop നഴ്‌സിങ് ഹോമില്‍ വച്ച് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതയായാണ് Florence O’Shaughnessy മരിച്ചത്. ഇവര്‍ക്കൊപ്പം മറ്റ് 18 പേരും ഇവിടെ കോവിഡിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. Florence O’Shaughnessy കോവിഡ് ബാധിതയായി മരണത്തിലേക്കടുക്കുന്നത് ഒരു ജനലിനുള്ളിലൂടെ കണ്ടുനില്‍ക്കാന്‍ മാത്രമേ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചുള്ളൂ.

നഴ്‌സിങ് ഹോമുകളിലെ കോവിഡ് മരണങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് Florence O’Shaughnessy-യുടെ മകനായ Stephen പെറ്റീഷന്‍ നല്‍കാനൊരുങ്ങുകയാണ്. സംഭവത്തില്‍ പൊതുവായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള Change.org പെറ്റീഷനില്‍ 2,500-ലേറെ പേര്‍ ഒപ്പുവച്ചു കഴിഞ്ഞു.

നഴ്‌സിങ് ഹോമുകളില്‍ വാക്‌സിന്‍ എത്തിക്കാന്‍ വൈകുന്നത് മരണങ്ങള്‍ക്ക് കാരണമാകുന്നതായി Aontu നേതാവ് Peadar Toibin പറഞ്ഞു. ഗോള്‍വേയിലെ ഗ്രീന്‍ പാര്‍ക്ക് നഴ്‌സിങ് ഹോം, Dundalk-ലെ ബ്ലാക്ക് റോക്ക് ആബി എന്നിവിടങ്ങളിലെയെല്ലാം സ്ഥിതി ഭയാനകമാണ്.

പ്രിയപ്പെട്ടവരെ നഴ്‌സിങ് ഹോമുകളില്‍ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. പ്രായമായ അമ്മമാരെയും അച്ഛന്മാരെയും ഇനി എത്ര കാലം കൂടി കാണാന്‍ സാധിക്കുമെന്നറിയില്ല; അതിനാല്‍ത്തന്നെ സന്ദര്‍ശന സമയം നീട്ടണമെന്നും ആവശ്യമുയരുന്നു.

Share this news

Leave a Reply

%d bloggers like this: