ആശ്വാസ വാർത്ത; അയർലണ്ടിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 827 പേർക്ക്

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകളുമായി പുതിയ റിപ്പോര്‍ട്ട്. ശനിയാഴ്ച രാജ്യത്താകമാനം 827 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതായി National Public Health Emergency Team (Nphet) റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ പറയുന്നു. ‘ചാഞ്ചാട്ടമില്ലാത്ത പുരോഗതിയാണ്’ ഇതെന്ന് Nphet മോഡലിങ് വിദഗ്ദ്ധനായ പ്രൊഫസര്‍ Philip Nolan പറഞ്ഞു. ഇതേ അവസ്ഥ തുടരാന്‍ സാധിക്കുകയാണെങ്കില്‍ വൈറസ് ബാധ വളരെ ചെറിയ നിരക്കില്‍ ഒതുക്കാന്‍ നമുക്ക് സാധിക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസം നല്‍കുന്നതായി HSE തലവന്‍ Paul Reid-ഉം പറഞ്ഞു.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 36 പേരുടെ മരണം സംഭവിച്ചത് ഫെബ്രുവരിയിലും, 18 പേര്‍ മരണപ്പെട്ടത് ജനുവരിയിലുമാണ്. ബാക്കിയുള്ള ഒരാളുടെ മരണം സംഭവിച്ച തീയതി അന്വേഷിക്കുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,764 ആണ്. ആകെ 202,548 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.

മുന്‍ കാലങ്ങളിലെ പോലെ അസുഖം തോന്നിയാല്‍ വീക്കെന്‍ഡ് വരെ കാത്തിരിക്കാതെ ഉടന്‍ ഡോക്ടറെ കാണണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ Tony Holohan ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വീടിന് പുറത്തിറങ്ങാതിരിക്കുകയും, ഡോക്ടറെ ഫോണില്‍ വിളിച്ച് കാര്യം പറയുകയും ചെയ്യണം.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് 7 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 390 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: