ഹോട്ടൽ റൂമിലെ കട്ടിലിൽ ഇടിച്ച് ചുണ്ട് പൊട്ടി; ഡബ്ലിനിലെ 6 വയസുകാരന് വൻ തുക നഷ്ടപരിഹാരം

ഹോട്ടല്‍ റൂമിലെ കട്ടിലില്‍ ചുണ്ടുകളിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ആറു വയസുകാരന്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതി 40,000 യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. ഡബ്ലിനിലെ Dalkey-യിലുള്ള Begnets Villas സ്വദേശി Nicholas Fitzgerald ആണ് അമ്മ Sharon Fitzgerald വഴി The d Hotel-ന് എതിരെ പരാതി നല്‍കിയത്.

2016 നവംബര്‍ 1-ന് മാതാപിതാക്കളോടൊപ്പം അവധിയാഘോഷിക്കാനായി കുട്ടി Co Louth-ലെ Drogheda-യിലുള്ള ഹോട്ടലിലെത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടി, ബെഡ്ഡില്‍ കിടന്ന് കളിക്കുകയും, ചുണ്ട് കട്ടിലിന്റെ മരം കൊണ്ടുള്ള കൂര്‍ത്ത കോണില്‍ ഇടിക്കുകയുമായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും മുറിവില്‍ തുന്നലിടുകയും വേണ്ടിവന്നു.

ഹോട്ടല്‍ റൂമിലെ കട്ടില്‍ ചെറിയ കുട്ടികള്‍ക്ക് അപകടകരമായ രീതിയിലായിരുന്നെന്നും, വേണ്ടവിധത്തില്‍ ഫര്‍ണിഷ് ചെയ്തിരുന്നില്ലെന്നും കുട്ടിക്ക് വേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ വാദിച്ചു. മരം കൊണ്ട് നിര്‍മ്മിച്ച ഫ്രെയിം അപകടകരമായ രീതിയിലായിരുന്നു കട്ടിലില്‍ ഫിറ്റ് ചെയ്തിരുന്നത്.

എന്നാല്‍ കുട്ടിയെ വേണ്ടവിധം നോക്കുന്നതില്‍ അച്ഛനമ്മമാര്‍ക്ക് വീഴ്ച പറ്റിയതാണ് അപകട കാരണമെന്നും, ഇത്രയും ചെറിയ കുട്ടിയെ കിടത്താനായി മാതാപിതാക്കള്‍ infant carrier ഉപയോഗിച്ചില്ലെന്നും പ്രതിസ്ഥാനത്തുള്ള ഹോട്ടല്‍ ഗ്രൂപ്പ് ഉടമകളായ Niche Hotels Unlimited Company അധികൃതര്‍ വാദിച്ചു. എന്നാല്‍ കേസില്‍ കുട്ടിക്ക് അനുകൂലമായി ജഡ്ജ് വിധി പുറപ്പെടുവിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: