യു.ഡി.എഫ് ജനകീയ പ്രകടന പത്രിക; പ്രവാസികൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം

ഡോ. ശശി തരൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാക്കുന്ന, യുഡിഎഫ് ജനകീയ പ്രകടന പത്രികയിലേക്ക് പ്രവാസി മലയാളികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നു. ലോകോത്തര കേരളം എന്ന ലക്ഷ്യത്തില്‍, ടോക്ക് ടു തരൂര്‍ എന്ന ഈ ഓണ്‍ലൈന്‍ പരിപാടി ഫെബ്രുവരി 19 ന് വെള്ളിയാഴ്ച നടക്കും. ഡോ.തരൂര്‍ പ്രവാസികളുമായി സംവദിക്കും.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി , പ്രവാസി മലയാളികളുടെ മനസ് അറിയാന്‍, ഡോ. ശശി തരൂര്‍ എത്തുകയാണ്. കേരളത്തിന്റെ എക്കാലത്തെയും സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ച്, യുഡിഎഫ് ജനകീയ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിലാണിത്. യുഡിഎഫിന്റെ ഇതുവരെയുള്ള അഭിപ്രായ ശേഖരണത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി, ലോകോത്തര കേരളം എന്ന ലക്ഷ്യത്തിലാണ് ഈ ആശയം നടപ്പാക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ വ്യവസായികളുടെ വരെ അഭിപ്രായങ്ങള്‍ തരൂര്‍ സ്വരൂപിക്കും.

തുടക്കത്തിലെ മികച്ച പ്രതികരണവുമായി മുന്നേറുന്ന, ടോക്ക് ടു തരൂര്‍ എന്ന പരിപാടിയെ, പ്രവാസ ലോകത്തേയ്ക്ക് വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്, അയർലൻഡ് ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകള്‍. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്, ഇന്‍കാസ്, ഒ ഐ സി സി എന്നീ പ്രവാസി കൂട്ടായ്മകളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഫെബ്രുവരി 19 ന് വെള്ളിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ പത്തു മണി, ഇന്ത്യന്‍ സമയം, രാത്രി എട്ടര മുതലാണ് പരിപാടി. അമേരിക്കൻ ഐക്യ നാടുകൾക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്,കാനഡ, ലണ്ടന്‍, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, ഡോ തരൂരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കും. ഇതിനായി, ഫെബ്രുവരി പതിനേഴിന് മുന്‍പ് ഈ ലിങ്കില്‍, https://www.incoverseas.org/manifesto/contribute/ അഭിപ്രായം സമര്‍പ്പിക്കാമെന്ന് എം.എം ലിങ്കുവിൻസ്റ്റാർ, സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: