Friday, 23 April 2021

പിറവി (1989)

Updated on 22-02-2021 at 6:54 am

Share this news

.……….സിനിമ………..
ലോക സിനിമയ്ക്കു മലയാളത്തിന്റെ സംഭാവന, മലയാള മനസാക്ഷിക്ക് മറക്കാനാവാത്ത ഒരച്ഛന്റെ  കാത്തിരിപ്പിന്റെ നേർകാഴ്ച്ച പ്രേംജി എന്ന അതുല്ല്യ നടനിലൂടെ, ഷാജി എൻ കരുൺ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നു, മുല്ലമംഗലത്തു പരമേശ്വരൻ ഭട്ടത്തിരിപ്പാടിനു (പ്രേംജി ) മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ച പിറവി,

വീട്ടിൽ TV വന്നപ്പോൾ ഒരു ഞായറാഴ്ച്ച മഴ തോർന്നു അന്തരീക്ഷം തണുത്തിരിക്കുമ്പോൾ, ബ്ലാക് ആൻഡ് വൈറ്റ് ൽ ദൂരദർശനിൽ കണ്ടൊരോർമ്മയാണ് പിറവിക്കു, അന്നേ ചില ദൃശ്യങ്ങൾ മനസ്സിൽ കേറി കൂടി, പിന്നീട് പലതവണ കണ്ടെങ്കിലും പണ്ടത്തേതുപോലെ തന്നെ ആ ദൃശ്യങ്ങൾ ഇന്നും മനസ്സിൽ മായാതെ നില്കുന്നു, പിറവിയോടുള്ള സ്നേഹം അല്ലെങ്കിൽ എന്റെ കാഴ്ചാനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ഒപ്പം ചരിത്രവും,പിറവിയുടെ ചില പറച്ചിലുകൾ ഇന്നും പച്ചയ്ക്കുതന്നെ ചെവിയിൽ മുഴങ്ങുന്നുണ്ട്,

 “കസ്റ്റഡിയിൽ എടുക്കാൻ പറയുന്നത് ഇവരൊക്കെ തന്നെ അല്ലെ, പെരുമാറുമ്പോൾ ചിലപ്പോൾ തട്ടിപോകും അതിനൊക്കെ ഈ വയസ്സനെ ഒക്കെ ഇങ്ങോട്ടു വിട്ടോളും”
എത്ര നിസ്സാരമായിട്ടാണ്‌ ഒരു ജീവന് വിലകൊടുക്കുന്നതു എന്ന് പച്ചയായിട്ടു വിളിച്ചു പറയുന്നു, എന്നാൽ മന്ത്രി മുതൽ ഐജി വരെ ഒന്ന് ഭയക്കുന്നുമുണ്ട്, മനുഷ്യരല്ലേ, മന്ത്രി പറയുന്നുണ്ട് ഒരു അഞ്ചു മിനിറ്റത്തേക്കു ആരെയും കടത്തിവിടണ്ട എന്ന്, ഐജി വെള്ളം കുടിച്ചു പോകുന്നു അങ്ങനെ ചില ദൃശ്യ സൂചനകൾ കാത്തിരിപ്പിനൊടുവിൽ സമനില തെറ്റുന്ന അച്ഛന്റെ മനസ്സിലെ മകൻ എത്തി എന്ന തോന്നലിന്റെ പുതിയ പിറവി ആണ്, അവസാനം മനസിന്റെ താളം ഒഴുകി പോകുന്നപോലെതന്നെ കടത്തുകാരന്റെ തോണിയും ഒഴുക്കിൽ നിയന്ത്രണമില്ലാതെ ദൂരേക്ക് പോകുന്നു .

പിറവി  മലയാളിത്തമുള്ള ദൃശ്യങ്ങൾ സമ്മാനിച്ച സിനിമകൂടിയാണ് സണ്ണി ജോസഫ് ഭംഗിയായിട്ടു തന്റെ ജോലി ചെയ്തു സംവിധായകനും, ക്യാമറാമാനും, ഛായാഗ്രാഹകരായതുകൊണ്ടായിരിക്കാം ദൃശ്യങ്ങൾക്കു മാറ്റ് കൂടി, വീട്ടിനുള്ളിലെ ചില ക്ലോസ് അപ്പ്‌ ഷോട്ടുകൾ 3 പോയിന്റ് ലൈറ്റിംഗിലൂടെ മനോഹരാക്കിയപ്പോൾ , മഴയെ ആസ്വദിച്ചു ചിത്രീകരിക്കാനും സണ്ണി ജോസഫ് മറന്നില്ല.

സംവിധാനം. ഷാജി എൻ കരുൺ
ക്യാമറ. സണ്ണി ജോസഫ്

………….ജീവിതം……..

ഒറ്റവരിയിൽ ഗൂഗിളിന്റെ സഹായത്തോടെ ചില ഓർമ്മപ്പെടുത്തലുകൾ

1976 മാർച്ച് 1രാജൻ, ജോസഫ് ചാലി എന്നീ വിദ്യാർത്ഥികളെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നു
.1976 മാർച്ച് 2രാജൻ കക്കയം ക്യാമ്പിൽ കൊല്ലപ്പെടുന്നു.
1976 മാർച്ച് 10ഈച്ചരവാരിയർ കരുണാകരന് മകനെ അന്യായത്തടങ്കലിൽ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് ഹർജി അപേക്ഷ നൽകുന്നു.
1976 ഓഗസ്റ്റ് 24കരുണാകരനും ഇന്ത്യൻ ഭരണകൂടത്തിനും, കേരളത്തിൽ നിന്നുള്ള എല്ലാ ജനപ്രതിനിധികൾക്കും ഈച്ചരവാരിയർ മകനെ കണ്ടെത്താനുള്ള അപേക്ഷ നൽകുന്നു. തുടർന്ന് ചില ജനപ്രതിനിധികൾ പ്രശ്നത്തിലിടപെടുകയും കരുണാകരനുമായി സംസാരിക്കുകയും ചെയ്യുന്നു.
1977 മാർച്ച് 23അടിയന്തരാവസ്ഥ അവസാനിക്കുന്നു
1977 മാർച്ച് 25ഈച്ചരവാരിയർ (അടിയന്തിരാവസ്ഥയ്ക് ശേഷമുള്ള ആദ്യത്തെ ഹേബിയസ് കോർപസ് ) ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുന്നു.
1977 മാർച്ച് 25തിരഞ്ഞെടുപ്പിൽ വിജയിച്ച കരുണാകരൻ മുഖ്യമന്ത്രിയാകുന്നു.
1977 മാർച്ച് 31രാജനെ പിടിച്ചിട്ടില്ലെന്നും, പോലീസ് ക്യാമ്പ് നടന്നിട്ടില്ലെന്നും കേസിൽ പ്രതിയായ 12 പേർ, ഹേബിയസ് കോർപ്പസ് ഹർജിയിൽ, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നു.
1977 ഏപ്രിൽ 13സത്യവാങ്മൂലങ്ങളെ ചൊല്ലി നടന്ന വാദങ്ങളിൽ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നു മനസ്സിലാക്കിയ കോടതി, 21 ഏപ്രിൽ 1977-നു രാജനെ കോടതിയിൽ ഹാജരാക്കാൻ ഇടക്കാല ഉത്തരവ് നൽകുന്നു.
1977 ഏപ്രിൽ 19രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും, രാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നും സർക്കാർ കോടതിയിലറിയിക്കുന്നു. രാജന്റെ തിരോധാനത്തിനു കാരണമായ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ സൂചിപ്പിക്കുന്നു
1977 ഏപ്രിൽ 25കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന കാരണത്താൽ കാരണത്താൽ കരുണാകരൻ രാജി വെയ്ക്കുന്നു.
1977 മെയ് 22കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കുന്നു.
1977 ജൂൺ 1 3കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും, കരുണാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചെന്നും അവർക്കെതിരെ ക്രിമിനൽ നടപടി, ഈച്ചരവാരിയർക്ക് സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിക്കുന്നു
.1977 നവംബർ 16തുടർന്ന് നടന്ന കോടതി വ്യവഹാരങ്ങൾക്കൊടുവിൽ രാജൻ കൊല്ലപ്പെട്ടെങ്കിലും, കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും, കരുണാകരൻ അധികാരം ദുർവിനിയോഗം ചെയ്തെന്ന് കണ്ടെത്താനായില്ലെന്നുമുള്ള കാരണത്താൽ സുപ്രീം കോടതി കേസ് തള്ളുന്നു.

 ഈച്ചര വാര്യർ പിന്നെയും കാത്തിരുന്നു ഒടുവിൽ അദ്ദേഹം നീറുന്ന മനസൊടെ എഴുതിയ പുസ്തകമാണ് “ഒരച്ഛന്റെ ഓർമ്മ കുറിപ്പുകൾ “2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.ഒടുവിൽഅദ്ദേഹത്തിന്റെ പ്രിയ പത്നി മരിക്കുമ്പോൾ അവസാനമായിട്ടു പറഞ്ഞ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു, “എന്റെ മകൻ എപ്പോൾ വരും “എന്ന്, അധികാര ദുർവിനിയോഗത്തിന്റെ നേര്കാഴ്ചയായിരുന്നു അടിയന്തിരാവസ്ഥ, ലോക്കപ്പിലെ കൊടിയ പീഡനങ്ങൾകൊടുവിൽ പഴം പായയിൽ കെട്ടി ജഡം കൊണ്ടുകളയുന്ന മൃഗീയമായ പോലീസ് മൂന്നാം മുറ, 2006 ൽ ഈച്ചരവാര്യർ ലോകത്തോട് വിട പറഞ്ഞു, പിറവിയിൽ അച്ഛൻ പറയുന്നുണ്ട്

“കാത്തിരിക്കാതെ പറ്റുമോ.. അതിനാണോ ഞാൻ അവന്റെ അച്ഛനായത്… നീ അവന്റെ അമ്മയായതു…..”അതെ കാത്തിരുന്നു, അലഞ്ഞു, പറഞ്ഞു, കേണപേക്ഷിച്ചു, നന്മയുടെ ഒരംശം പോലുമില്ലാത്ത അധികാര പേപ്പട്ടികളുടെ മുന്നിൽ, ജഡങ്ങൾ കാണാനാഗ്രഹിക്കുന്ന അധികാര പിന്തുടർച്ച ഇന്നുമുണ്ട്, അവർ ചിലയ്ക്കുന്നുണ്ട്, പിറവി ഇന്നും ഓർമപ്പെടുത്തുന്നു, വിരൽ ചൂണ്ടുന്നു അധികാരത്തിന്റെ കസ്സേരയിലിരുന്നു ആജ്ഞാപിക്കുമ്പോൾ ഒന്ന് ചിന്തിക്കണം കാലം ചിലതൊക്കെ ബാക്കിവച്ചിട്ടുണ്ടെന്നു.

ഡാനിഷ് ഷാനവാസ്

comments


 

Other news in this section