കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 9,000-ലേറെ സംഭവങ്ങളിൽ ഗാർഡ പിഴ ചുമത്തി: McEntee

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 9,000-ലേറെ സംഭവങ്ങളില്‍ ഗാര്‍ഡ പിഴയിട്ടതായി നീതിന്യായവകുപ്പ് മന്ത്രി Helen McEntee. അനാവശ്യമായി വിദേശയാത്ര നടത്തയ 300 പേര്‍ക്ക് 500 യൂറോ വീതം പിഴയിട്ടതും ഇതില്‍ ഉള്‍പ്പെടുമെന്ന് Dail-ല്‍ സംസാരിക്കവേ McEntee വ്യക്തമാക്കി.

അതേസമയം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍, ഇവരെ നിരീക്ഷിക്കാനായി ഹോട്ടലുകള്‍ക്ക് പുറത്ത് ഗാര്‍ഡയെ നിയോഗിക്കുന്നത് ഉചിതമാണെന്ന് താന്‍ കരുതുന്നില്ലെന്ന് മന്ത്രി നിലപാട് വ്യക്തമാക്കി. നിര്‍ബന്ധിത ക്വാറന്റൈന്‍ എന്നത് അസാധാരണമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായി വിദേശയാത്ര നടത്തരുതെന്നും McEntee ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വിദേശയാത്ര നടത്തുന്നത് കുറയ്ക്കണമെന്ന McEntee-യുടെ വാദത്തെ പിന്തുണച്ച ഗതാഗതമന്ത്രി Eamon Ryan, ക്വാറന്റൈനില്‍ കഴിയുന്നവര്‍ 14 ദിവസം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ഗാര്‍ഡ നിരീക്ഷണം നടത്താറുണ്ടെന്നും വ്യക്തമാക്കി.

അതേസമയം പട്ടികയിലുള്ള 20 രാജ്യങ്ങളില്‍ നിന്ന് മാത്രമല്ലാതെ, വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ എന്ന തരത്തില്‍ ബില്‍ പരിഷ്‌കരിക്കണമെന്ന് Sinn Fein നേതാവ് Pearse Doherty സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലുള്‍പ്പെടുത്തണോ എന്നതുമായി ബന്ധപ്പെട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ Ronan Glynn-മായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: