കോവിഡും ലോക്ക് ഡൗണും നിങ്ങളുടെ മനസിനെ തളർത്തുന്നുവോ? സഹായം ഇവിടെയുണ്ട്

അയര്‍ലണ്ടില്‍ കോവിഡ് ബാധ ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വാക്‌സിന്‍ വിതരണം അടക്കമുള്ളവ പ്രതീക്ഷയേകുമ്പോഴും ജീവിതം ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടില്ല. ലെവല്‍ 5 അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. നിയന്ത്രണങ്ങളോട് എത്തരത്തിലാണ് ജനം മാനസികമായി പ്രതികരിക്കുന്നത് എന്നറിയാനായി ESRI നടത്തിയ behevioral survey പ്രകാരം, ജനങ്ങളില്‍ 73% പേരും കോവിഡ്-19 രോഗത്തെ ഭയപ്പെടുന്നവരാണ്. സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിവയെല്ലാം ഭൂരിപക്ഷം ആളുകളും ഇപ്പോഴും പാലിക്കുന്നുണ്ട്. 79% ആളുകളും നിയന്ത്രണങ്ങള്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കാള്‍ പ്രധാനമാണ് രോഗത്തെ പ്രതിരോധിക്കല്‍ എന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെറും 10% പേര്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്ന് കരുതുന്നത്.

അതേസമയം നിലവില്‍ രോഗികളുടെ എണ്ണം കുറഞ്ഞതിനാലും, വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത് കാരണവും, വരും മാസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഇളവ് ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒറ്റപ്പെടലില്‍ നിന്നും മോചനം നല്‍കാന്‍ അതിന് സാധിക്കുമെങ്കിലും, കോവിഡിന്റെ നാലാം വേവിന് അത് കാരണമാകുമെന്ന് പലരും ഭയക്കുന്നു. പ്രായമായവരും, രോഗികളുമായ നിരവധി പേര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാരംഭിച്ചത് കൂടുതല്‍ പേരിലേയ്ക്ക് വൈറസ് എത്താന്‍ കാരണമാകുമോ എന്നറിയാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും.

കോവിഡ് കാരണം അനവധി പേരില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം അടക്കമുള്ള രോഗങ്ങള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ പലരും ആദ്യമായാണ് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. മറ്റ് പലര്‍ക്കും നേരത്തെ ചികിത്സിച്ച് ഭേദമായ മാനസിക അസ്വാസ്ഥ്യങ്ങള്‍ മടങ്ങിവന്നു. മാനസിക പ്രശ്‌നങ്ങളില്‍ എല്ലാം പക്ഷേ രോഗങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല- പലര്‍ക്കും ഉത്കണ്ഠ, നിരാശ തുടങ്ങിയ സ്വാഭാവിക വികാരങ്ങളാണ് ഉള്ളത്. കോവിഡിന് മുമ്പു തന്നെ ജനങ്ങളില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം എന്നിവ ഈ നൂറ്റാണ്ടില്‍ അധികമാണെന്ന് WHO വ്യക്തമാക്കിയിരുന്നു.

സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഉറക്കം നഷ്ടപ്പെടല്‍, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം. ചിലര്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുകയും ചെയ്യും. തലവേദന, ക്ഷീണം, ശരീര വേദന, ഹൃദയ മിടിപ്പ് വര്‍ദ്ധിക്കുക എന്നീ ലക്ഷണങ്ങളും കണ്ടേക്കാം. ഇത് അനുഭവിക്കുന്ന ആളുകളെ മാത്രമല്ല, ചുറ്റുമുള്ളവരെയും ബാധിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക എന്നിവയാണ് മാനസിക സമ്മര്‍ദ്ദത്തിനുള്ള പ്രധാന പരിഹാരം. മദ്യം, ലഹരിമരുന്നുകള്‍, പുകവലി എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. കോഫിയും കുടിക്കരുത്. എക്‌സര്‍സൈസ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ വലിയൊരു പരിധി വരെ സഹായിക്കും. കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓട്ടം, നടത്തം, സൈക്ലിങ് എന്നിവയാകാം. അമിതമായി കോവിഡ് ന്യൂസ് കാണുക, സോഷ്യല്‍ മീഡിയയില്‍ സര്‍ഫ് ചെയ്യുക എന്നിവ ഒഴിവാക്കണം. ബന്ധുക്കളും, സുഹൃത്തുക്കളുമായി സംസാരിക്കുന്നതും നല്ലതാണ്.

അതേസമയം കൂടുതല്‍ ഗൗരവകരമായ മാനസിക പ്രശ്‌നങ്ങളാണ് നിങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍, തീര്‍ച്ചയായും ഒരു മാനസികരോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കണം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക, ഒന്നിലും താല്‍പര്യമില്ലാതെ വിഷാദത്തിലേയ്ക്ക് വഴുതി വീഴുക എന്നിവ ചികിത്സ ആവശ്യപ്പെടുന്ന രോഗങ്ങളാണ്. സര്‍ക്കാരിന്റെ Accident and Emergency Department, അല്ലെങ്കില്‍ സംഘടനകളായ Samaritans, Pieta House എന്നിവയെല്ലാം നിങ്ങളുടെ സഹായത്തിനുണ്ട്. സഹായങ്ങള്‍ക്കായി:

    The Samaritans: 116123, Samaritans.org

    Pieta House

    Men’s Health Forum Ireland, mhfi.org

    Aware.ie

വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു, രോഗികളുടെ എണ്ണം കുറയുന്നു എന്നിങ്ങനെ ഒരുപിടി പ്രതീക്ഷദായകമായ കാര്യങ്ങളാണ് നമുക്ക് ചുറ്റും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ നല്ല നാളെ വരുമെന്ന ശുഭപ്രതീക്ഷയില്‍ നമുക്ക് ജീവിക്കാം.

വിവരങ്ങള്‍:

Dr Niall Duffy, Saint John of God Hospital, Stillorgan, Co Dublin.

Dr Stephen McWilliams, Associate Clinical Professor, School of Medicine and Medical Sciences, University College Dublin, and Consultant Psychiatrist, Saint John of God Hospital, Stillorgan, Co Dublin.

കടപ്പാട്: thejournal.ie

Share this news

Leave a Reply

%d bloggers like this: