പി. ബാലചന്ദ്രൻ അന്തരിച്ചു

തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

സിനിമയ്ക്ക് പുറമെ നാടകം, അദ്ധ്യാപനം, നിരൂപണം എന്നീ മേഖലകളിലും പ്രശസ്തനായിരുന്നു പി. ബാലചന്ദ്രന്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം, പവിത്രം, പുനധിവാസം, കമ്മട്ടിപ്പാടം എന്നിവയാണ് തിരക്കഥയെഴുതിയ പ്രധാന സിനിമകള്‍. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചു. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മകുടി, പാവം ഉസ്മാന്‍, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം തുടങ്ങി നിരവധി നാടകങ്ങളും രചിച്ചു.

ഭാര്യ: വൈക്കം നഗരസഭ മുന്‍ അദ്ധ്യക്ഷ ശ്രീലത ചന്ദ്രന്‍. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്‍, പാര്‍വതി ചന്ദ്രന്‍.

Share this news

Leave a Reply

%d bloggers like this: