സ്പെഷ്യലിസ്ററ് ട്രെയിനിങ്ങിന് ഉപാധികളില്ലാതെ EU ഇതര ഡോക്ടർമാരെ പരിഗണിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്ന് അയർലണ്ടിലെ മുതിർന്ന ഡോക്ടർമാർ

നിലവിലെ ഇ.യു നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഡോക്ടമാര്‍ക്ക് അയര്‍ലണ്ടില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ അവസരമൊരുക്കുന്നില്ലെന്നും, ഇത്തരത്തില്‍ വിദഗ്ദ്ധരായ പല ഡോക്ടര്‍മാര്‍ക്കും അര്‍ഹതയുള്ള സ്‌പെഷലിസ്റ്റ് ട്രെയിനിങ് നല്‍കാന്‍ നിയമത്തിന്റെ സാങ്കേതികത അനുവദിക്കുന്നില്ലെന്നും കാട്ടി അയര്‍ലണ്ടിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രി Stephen Donnelly-ക്ക് കത്തയച്ചു. പാക്കിസ്ഥാന്‍, സുഡാന്‍, ഇന്ത്യ അടക്കമുള്ള ഇ.യു ഇതര രാജ്യങ്ങളിലെ അനവധി ഡോക്ടര്‍മാരാണ് കോവിഡ് മഹാമാരിക്കാലത്തടക്കം അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. എന്നാല്‍ അര്‍ഹതയും കഴിവുമുണ്ടായിട്ടും, ഐറിഷ് പൗരത്വം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇവിടെ സ്‌പെഷലിസ്റ്റ് ട്രെയിനിങ്ങിന് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇ.യു അംഗരാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് സ്‌പെഷലിസ്റ്റ് ട്രെയിനിങ്ങിന് നിയമപ്രകാരം മുന്‍ഗണന നല്‍കുന്നത്. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും, ഇ.യു ഇതര രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച കരിയറിന് അവസരമൊരുക്കണമെന്നും കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ഡബ്ലിനിലെ Beumont Hospital-ലെ 40-ലേറെ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് കത്ത് നല്‍കിയിരിക്കുന്നത്.

നാല് മുതല്‍ ആറ് വര്‍ഷം വരെയുള്ള ഹയര്‍ സ്‌പെഷലിസ്റ്റ് ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് ‘സ്‌പെഷലിസ്റ്റ്’ ആയി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും, കണ്‍സള്‍ട്ടന്റ് പോസ്റ്റിനായി അപേക്ഷിക്കുകയും ചെയ്യാം. അതുവഴി വലിയ കരിയര്‍ കെട്ടിപ്പടുക്കാനും സാധിക്കും. നിലവില്‍ ആദ്യം ഐറിഷ് പൗരന്മാര്‍, പുറകില്‍ ഇ.യു പൗരന്മാര്‍, പിന്നീട് യൂറോപ്യന്‍ കുടുംബാംഗങ്ങളുള്ളവര്‍, ഐറിഷ്/ഇ.യു പൗരന്മാരെ വിവാഹം കഴിച്ചവര്‍ എന്നിവരെ പരിഗണിച്ച ശേഷം മാത്രമാണ് ഇ.യുവിന് പുറത്തുള്ള ഡോക്ടര്‍മാരെ ട്രെയിനിങ്ങിനായി പരിഗണിക്കുന്നത്. അതിനാല്‍ത്തന്നെ അര്‍ഹതയുള്ള പലര്‍ക്കും ട്രെയിനിങ്ങിന് അവസരം ലഭിക്കാറില്ല. ഇ.യുവിന് പുറത്ത് ട്രെയിനിങ്ങും ഇന്റേണ്‍ഷിപ്പും ചെയ്ത ഡോക്ടര്‍മാരെ ട്രെയിനിങ് പ്രോഗ്രാമിനായി പരിഗണിക്കുന്ന തരത്തില്‍ 2020 നവംബറിലെ നിയമഭേദഗതി ഇതിന് മാറ്റം വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും, പ്രത്യേകിച്ച് ഒരു തരത്തിലും ഇത് ഗുണകരമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം രജിസ്റ്ററില്‍ നിന്നും 88 ഇ.യു ഇതര ഡോക്ടര്‍മാര്‍ തങ്ങളുടെ പേര് പിന്‍വലിക്കുകയുണ്ടായി. അയര്‍ലണ്ടില്‍ തങ്ങള്‍ക്ക് തൊഴില്‍പരമായി യാതൊരു വളര്‍ച്ചയുമുണ്ടാകില്ലെന്ന് കണ്ടതോടെയാണ് ഇത്. കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 44% ഡോക്ടര്‍മാരും ഇ.യുവിന് പുറത്ത് ട്രെയിന്‍ ചെയ്തവരാണ്. ഇതില്‍ 4.5% പേരും ഇ.യു ഇതര പൗരന്മാരുമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

യൂറോപ്പില്‍ ആളൊന്നിന് ഏറ്റവും കുറവ് സ്‌പെഷലിസ്റ്റുകളുള്ള രാജ്യം അയര്‍ലണ്ടാണെന്ന് ഡോക്ടര്‍മാര്‍ മന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ത്തന്നെ കഴിയുന്നത്ര സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ ട്രെയിന്‍ ചെയ്‌തെടുക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യോഗ്യതയും അര്‍ഹതയുമുള്ള ഇന്ത്യക്കാരനായ ഡോക്ടര്‍ ഫറാസ് റാഫിയുടെ കാര്യവും കത്തില്‍ എടുത്തുകാട്ടുന്നു. റൊമാനിയയില്‍ പഠനം കഴിഞ്ഞ് 2014-ല്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ അദ്ദേഹം നാല് തവണ national specialist scheme-ലേയ്ക്ക് ഇന്റര്‍വ്യൂ ചെയ്യപ്പെടുകയും, ഓരോ തവണയും മികച്ച റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ഒരിക്കല്‍ പാനലില്‍ ഒന്നാമതെത്തുകയും ചെയ്‌തെങ്കിലും ഇ.യു പൗരനല്ല എന്നതിനാല്‍ ഇപ്പോഴും ട്രെയിനിങ് പ്രോഗ്രാമില്‍ പ്രവേശനം ലഭിച്ചിട്ടില്ല.

ഇതിന് പുറമെ രാജ്യത്ത് പൗരത്വ അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതാണ് മേഖലയിലെ പ്രതിസന്ധിക്ക് മറ്റൊരു കാരണം. അനവധി ഡോക്ടര്‍മാരും നഴ്‌സുമാരും അപേക്ഷ നല്‍കി വര്‍ഷങ്ങളോളമായി കാത്തിരിക്കുകയാണ്. നിലവില്‍ 30 മാസത്തിലേറെ ആയ അപേക്ഷകളാണ് പരിഗണിച്ചുവരുന്നത്.

Share this news

Leave a Reply

%d bloggers like this: