അഭയം തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ചു; അയർലണ്ടിൽ പ്രതി വിചാരണ നേരിടുന്നു

മാതൃരാജ്യത്ത് നിന്നും അഭയം തേടിയെത്തിയ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയര്‍ലണ്ടിലെ താമസക്കാരനായ പ്രതി വിചാരണ നേരിടുന്നു. ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനില്‍ കോടതിയില്‍ ഇന്നലെ വിചാരണ നേരിടവേ പീഡനം, ലൈംഗികമായ ഉപദ്രവം എന്നീ ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. പള്ളിയില്‍ നിന്നും പരിചയപ്പെട്ട സ്ത്രീയെ, ഇയാളുടെ വീട്ടില്‍ വച്ച് 2017 ഡിസംബര്‍ 1-നും, 3-നും ഇടയ്ക്ക് പീഡിപ്പിച്ചു എന്നാണ് കേസ്.

നിലവില്‍ 36 വയസുള്ള സ്ത്രീ, മാതൃരാജ്യത്ത് നിന്നും ഒരു സമ്മേളനത്തിന്റെ ഭാഗമായാണ് ആദ്യമായി അയര്‍ലണ്ടിലെത്തിയത്. തന്റെ വീട്ടില്‍ ഇഷ്ടമല്ലാത്ത കല്യാണത്തിന് നിര്‍ബന്ധിക്കുക, നല്ല ജോലി ഇല്ലാതിരിക്കുക എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്ന ഇവര്‍, തിരികെ പോകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഡബ്ലിനിലെ International Protection Office-ല്‍ ഇവിടെ അഭയം നല്‍കണമെന്ന് കാട്ടി അപേക്ഷ നല്‍കി. ശേഷം മുസ്ലിം സമുദായത്തില്‍ പെട്ടവരെ വിവാഹം കഴിക്കാനായി സഹായിക്കുന്ന ഒരു സംഘടനയെ പറ്റി കേട്ടറിഞ്ഞ ഇവര്‍, അതിന്റെ ഭാരവാഹികളുമായി സംസാരിക്കുകയും, അവര്‍ വഴി പ്രതിയെ പരിചയപ്പെടുകയും ചെയ്യുകയായിരുന്നു. ഒരു പള്ളി വഴിയായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്നത്.

പിന്നീട് രണ്ട് തവണ ഇവര്‍ തമ്മില്‍ കണ്ട് സംസാരിക്കുകയും, പ്രതി, സ്ത്രീയെ വിവാഹം കഴിക്കാനാഗ്രഹമാണെന്ന് അറിയിക്കുകയും ചെയ്തു. വിവാഹമോചനത്തിന്റെ വക്കിലായിരുന്ന ഇയാള്‍ക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ താനൊരു കന്യകയാണെന്നും, വീട്ടുകാരുമായി സംസാരിക്കാതെ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്നും സ്ത്രീ മറുപടി പറഞ്ഞതോടെ, പ്രതി സ്ത്രീയുടെ വീട്ടുകാരുമായി സംസാരിച്ചു. സ്ത്രീയുടെ പിതാവ് സമ്മതമറിയിച്ചെങ്കിലും, ആലോചിച്ച് തീരുമാനമെടുക്കാനും, കുറച്ചുകാലം കൂടി കാത്തിരുന്ന് ആളെ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം വിവാഹത്തെപ്പറ്റി ചിന്തിക്കാനുമാണ് അമ്മ ഉപദേശിച്ചത്. ആ ഉപദേശം സ്ത്രീ സ്വീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതി, സ്ത്രീയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഉടന്‍ തന്നെ വിവാഹം നടത്തണമെന്ന വ്യഗ്രതയിലായിരുന്ന പ്രതി പള്ളി ഇമാമിനെ വിളിക്കുകയും, വൈകുന്നേരം പള്ളിയില്‍ വച്ച് ചില ആചാരങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് വിവാഹത്തിന് തുല്യമല്ലായിരുന്നു. തിരികെ വന്ന ശേഷം പ്രതി, സ്ത്രീയുമായി സെക്‌സിലേര്‍പ്പെടാന്‍ തുനിഞ്ഞെങ്കിലും, വിവാഹിതയാകാതെ അത് ചെയ്യുന്നത് ശരില്ലെന്ന കാരണത്താല്‍ സ്ത്രീ എതിര്‍ത്തു. പക്ഷേ പിന്നീട് പല തവണ ബലാല്‍ക്കാരമായി പ്രതി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഘടനയുടെ ആസ്ഥാനത്ത് തിരികെയെത്തിയ ഇവര്‍ മറ്റൊരു സ്ത്രീയോട് കാര്യങ്ങള്‍ തുറന്നുപറയുകയും, ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്വന്തം രാജ്യത്ത് നിന്നും വീഡിയോ ലിങ്ക് വഴിയാണ് സ്ത്രീ വിചാരണയില്‍ മൊഴി നല്‍കിയത്. വാദം ഇന്നും തുടരും.

Share this news

Leave a Reply

%d bloggers like this: